ഹൈദരാബാദ് വെടിവെപ്പ്: പൊലീസിനെ വിശ്വസിക്കുന്നതായി കൊല്ലപ്പെട്ട ദിശയുടെ കുടുംബം

By Web TeamFirst Published Dec 6, 2019, 10:03 PM IST
Highlights

വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതായും കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കത്തിച്ചു കൊന്നവരെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതായും കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്‍റെ പ്രതികരണം...

എന്‍റെ മകള്‍ക്ക് നീതി കിട്ടിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അതു സന്തോഷം നല്‍കുന്നതാണ്. ഇതും അങ്ങനെയൊരു കാര്യമാണ്. ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള പൊലീസിന്‍റെ വാദം പൂര്‍ണമായും വിശ്വസിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ അല്ല നടന്നത് എന്ന് വ്യക്തമാണ്. സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള താക്കീതാണിത്. 

പെണ്‍കുട്ടിയുടെ സഹോദരിയുടെ വാക്കുകള്‍....
ഇതൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോടതിയില്‍ വിചാരണ തുടങ്ങി എത്രയും പെട്ടെന്ന് ശിക്ഷവിധിക്കും എന്നാണ് കരുതിയത്. തീര്‍ത്തും അപ്രതീക്ഷിതമാണ് ഈ വാര്‍ത്ത. രാവിലെ ചാനല്‍ വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. പൊലീസ് കമ്മീഷണര്‍ പറഞ്ഞതുനസരിച്ച് കുറ്റകൃത്യം പുനരാവിഷ്കരിക്കാന്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടെന്നുമാണ്.

കുറ്റവാളികള്‍ ഒരു വഴിക്ക് അല്ലെങ്കില്‍ മറ്റൊരു വഴിക്ക് ശിക്ഷിക്കപ്പെട്ടു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവരെ കോടതിയെങ്കിലും തൂക്കിലേറ്റുമായിരുന്നു. വെടിവെപ്പിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആരുമല്ല. ഞാനിതിനൊന്നും ദൃക്സാക്ഷിയുമല്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞതെല്ലാം ഞങ്ങള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. വെടിവെപ്പിനിടെ ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റതായി മനസിലാക്കുന്നു. ഇതൊക്കെ സത്യമായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

click me!