കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് റദ്ദാക്കും; ഹിമാചലിൽ വമ്പൻ വാഗ്ധാനങ്ങളുമായി പ്രിയങ്ക ഗാന്ധി

By Web TeamFirst Published Nov 4, 2022, 7:26 PM IST
Highlights

സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകൾക്ക് 1500 രൂപ  മാസംതോറും സഹായം നൽകുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നിവയാണ് പ്രിയങ്കയുടെ മറ്റ് ചില വാഗ്ദാനങ്ങൾ

ധ‍ർമ്മശാല: ഹിമാചൽ പ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. സംസ്ഥാനത്ത് വിവിധ റാലികൾ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കും എന്നതാണ്. കേന്ദ്രത്തിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തും പ്രിയങ്ക നിരവധി വാഗ്ധാനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയിൽ നടത്തിയ റാലിയിൽ പ്രിയങ്ക പറഞ്ഞത്. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകൾക്ക് 1500 രൂപ  മാസംതോറും സഹായം നൽകുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നിവയാണ് പ്രിയങ്കയുടെ മറ്റ് ചില വാഗ്ദാനങ്ങൾ.

ഹിമാചൽ അങ്കത്തിന് എട്ട് നാൾ; കേന്ദ്ര നേതാക്കളുടെ നീണ്ട നിരയുമായി ബിജെപി, വെല്ലുവിളികൾ മറികടക്കാൻ കോൺഗ്രസ്


അതേസമയം ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദനയാണ് വിമത ശല്യം തീർക്കുന്നത്. മുൻ എം എൽ എമാരടക്കം ബി ജെ പി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെ ബി ജെ പി സംഘടനാ നടപടിയിലേക്ക് കടന്നു. 5 വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി ജെ പി നേതൃത്വം അറിയിച്ചു. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്ന 5 പേരെ പുറത്താക്കിയെന്നാണ് അറിയിപ്പ്. 6 വർഷത്തേക്കാണ് പുറത്താക്കിയത്. 4 മുൻ എം എൽ എമാരെയടക്കമാണ് ഇപ്പോൾ ബി ജെ പി പുറത്താക്കിയിരിക്കുന്നത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും.

കോൺഗ്രസിനും കാര്യമായ വിമത ഭീഷണിയുണ്ട്. പന്ത്രണ്ട് മണ്ഡലങ്ങളിലാണ് നിലവിൽ കോൺഗ്രസിന് വിമത ഭീഷണിയുള്ളത്. ഉനയില്‍നനിന്നും വിമതനായി മത്സരിക്കാനിരുന്ന മുന്‍ പി സി സി അധ്യക്ഷനും മന്ത്രിയുമായിരുന്ന കുല്‍ദീപ് കുമാർ പിന്‍വാങ്ങിയത് കോൺഗ്രസിന് ആശ്വാസമാണ്. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാന്‍ തയാറെടുത്ത ഭൂരിഭാഗം പേരുടെയും പത്രിക പിന്‍വലിപ്പിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. രാജ്യസഭാ എംപി രാജീവ് ശുക്ലയ്ക്കാണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല. ഷിംലയില്‍ ദിവസങ്ങളായി ക്യാംപ് ചെയ്യുന്ന രാജീവ് ശുക്ല വിമതരുമായി ചർച്ചകൾ തുടരുകയാണ്.

click me!