
ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ദീർഘനാളായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കംപ്രസർ പൊട്ടിത്തെറിച്ച് വിഷവാതകം വീടിനുള്ളിൽ പരന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ചെങ്കൽപേട്ട് ജില്ലയിലെ കേളമ്പാക്കം ജയലക്ഷ്മി സ്ട്രീറ്റിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
സഹോദരങ്ങളായ ഗിരിജ, രാധ, രാജ്കുമാർ എന്നിവരാണ് മരിച്ചത്. മരിച്ച രാജ്കുമാറും കുടുംബവും വിദേശത്തുനിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ കഴിഞ്ഞ വർഷം ഗുഡുവാഞ്ചേരി ജയലക്ഷ്മി സ്ട്രീറ്റിലെ ഈ അപ്പാർട്ട്‌മെന്റിലാണ് അസുഖത്തെ തുടർന്ന് മരിച്ചത്. മരണശേഷം ഗിരിജ മകനോടൊപ്പം ദുബായിലേക്ക് താമസം മാറി. നവംബർ രണ്ടിന് വെങ്കിട്ടരാമന്റെ ഒന്നാം ചരമവാർഷികത്തിന് ഗിരിജയും കുടുംബവും അവരുടെ വീട്ടിലേക്ക് വരികയായിരുന്നു. ചടങ്ങുകൾ നടത്താൻ സഹോദരന്റെ കുടുംബവും സഹോദരിയും എത്തിയിരുന്നു.
പുലർച്ചെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. പക്ഷേ രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വിഷവാതകം വീട്ടിൽ നിറഞ്ഞ് മൂന്നുപേർ മരിച്ചു. വാതിൽ തകർത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷിച്ചു. രാജ്കുമാറിന്‍റെ ഭാര്യ ഭാർഗവി, മകൾ ആരാധ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടകാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ഒരു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടിൽ ഉപയോഗിക്കാതെ കിടന്ന റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ചെങ്കൽപ്പേട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമേ അപകടത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് പ്രതികരിച്ചു.