
ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമാകുമ്പോള്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തി. ഏത് വിഷമകരമായ ഘട്ടത്തിലാണെങ്കിലും കുടുംബത്തോടൊപ്പം എന്നും കാണുമെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍ അതിജീവിച്ച പെണ്‍കുട്ടിയും കുടുംബവും ആക്രമിക്കപ്പെടുകയാണെന്ന് പ്രിയങ്ക പറഞ്ഞു. പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് താന്‍ കേട്ടു. അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്. ഈ സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് ഒരു ഭയവുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്നാണ് ആവശ്യം. ''ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. ഹോം സെക്രട്ടറി, ഡിജിപി എന്നിവര്‍ ഇതുവരെയും രാജിവച്ചിട്ടില്ല, നീതി ലഭിക്കുകയില്ല. ഉന്നാവ് സംഭവത്തില്‍ സംസ്ഥാനത്തുടനീളം അനുശോചന സമ്മേളനം നടത്തും'' - അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഞങ്ങൾക്ക് യാതൊരു സഹായവും നൽകിയില്ല. സഹായിച്ചിരുന്നുവെങ്കിൽ എന്റെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു," എന്ന് യുവതിയുടെ അച്ഛനും പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam