'എപ്പോഴും എന്റെ ധീരയായ പെൺകുട്ടിയായിരിക്കുക': ആറ് വയസുകാരിക്ക് പ്രിയങ്കയുടെ ഹൃദയസ്പർശിയായ കത്ത്

By Web TeamFirst Published Feb 20, 2020, 9:54 PM IST
Highlights

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നതിനിടെയാണ് യുപി സ്വദേശിനിയായ അനാബിയയെ പ്രിയങ്ക കണ്ടുമുട്ടുന്നത്. 

ലഖ്നൗ: ആറ് വയസുകാരിയായ അനാബിയ ഇമ്രാന് അപ്രതീക്ഷിത സമ്മാനം നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിനോടൊപ്പം സ്‌കൂള്‍ ബാഗ്, ലെഞ്ച് ബോക്‌സ്, ചോക്ലേറ്റുകള്‍, ഒരു ടെഡ്ഡി ബെയര്‍ എന്നിവയാണ് അനാബിയക്ക് സമ്മാനമായി പ്രിയങ്ക നൽകിയത്. 

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നതിനിടെയാണ് യുപി സ്വദേശിനിയായ അനാബിയയെ പ്രിയങ്ക കണ്ടുമുട്ടുന്നത്. പൊലീസ് ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്തപ്പോൾ തന്റെ ആന്റിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു അനാബിയ. കുട്ടിയെ പ്രിയങ്ക ആശ്വസിപ്പിക്കുന്ന വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'പ്രിയങ്ക ആന്റി' എന്നെഴുതി ഒപ്പിട്ട കത്തില്‍ ധൈര്യമുള്ള പെണ്‍കുട്ടിയാകാനും ആവശ്യമുള്ളപ്പോഴെല്ലാം തന്നെ വിളിക്കാനും പ്രിയങ്ക ​ഗാന്ധി, അനാബിയയോട് ആവശ്യപ്പെടുന്നുണ്ട്.

"പ്രിയപ്പെട്ട അനാബിയ, ഞാൻ നിനക്കായി കുറച്ച് കാര്യങ്ങൾ വാങ്ങി. നിനക്ക് അവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലായ്പ്പോഴും എന്റെ 'ധീരയായ പെൺകുട്ടിയായി' തുടരുക, നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിളിക്കുക. ഒരുപാട് സ്നേഹം,"അനാബിയക്കുള്ള കത്തിൽ പ്രിയങ്ക കുറിച്ചു. യുപി ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷന്‍ ഷാനവാസ് ആലമാണ് കുട്ടിക്ക് പ്രിയങ്കയുടെ സമ്മാനം കെെമാറിയതെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!