
ലഖ്‍നൗ: ഉത്തർപ്രദേശിലെ മിര്‍സാപ്പൂരില്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന ധർണ്ണ 22 മണിക്കൂർ പിന്നിട്ടു. സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ധര്‍ണ്ണ തുടങ്ങിയത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന കളക്ടറുടെ നിർദ്ദേശം തള്ളി. കൂട്ടക്കൊലയില്‍ മരിച്ച പത്ത് പേരുടെയും ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്. ആവശ്യം അംഗീകരിക്കുംവരെ മിര്‍സാപ്പൂരില്‍ പ്രതിഷേധം തുടരുമെന്നാണ് പ്രിയങ്കയുടെ പ്രഖ്യാപനം.
സോന്‍ഭദ്രയിൽ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുക്കൊന്നത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക ഇന്നലെ സോന്‍ഭദ്രക്ക് തിരിച്ചത്. എന്നാല്‍ പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് സോന്‍ഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ച് സോന്‍ഭദ്രയിലേക്ക് പോകാന്‍ ശ്രമിച്ച പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. താനുള്‍പ്പടെ നാല് പേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നുമുള്ള പ്രിയങ്കയുടെ വാദം പൊലീസ് മുഖവിലക്കെടുത്തില്ല.
ചിത്രങ്ങള്‍ കാണാം: സോന്‍ഭദ്ര കൂട്ടക്കൊല; പ്രതിഷേധം കനപ്പിച്ച് കോണ്‍ഗ്രസ്
ഇതേത്തടര്‍ന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം തുടരുന്നതിനിടെ മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റില്‍ പ്രതിഷേധമറിയിച്ച രാഹുല്‍ ഗാന്ധി, ആദിത്യനാഥ് സര്‍ക്കാരിന്‍റെ അരക്ഷിതത്വബോധമാണ് പ്രിയങ്കയെ തടഞ്ഞതിലൂടെ വ്യക്തമായതെന്ന് ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രിയങ്കക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam