'ജയിലില്‍ പീഡിപ്പിക്കപ്പെട്ടു'; ആരോപണവുമായി മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ്

By Web TeamFirst Published May 15, 2019, 1:08 PM IST
Highlights

ജയിലില്‍ കിടന്ന അഞ്ചുദിവസവും ആരോടും സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും പ്രിയങ്ക ശര്‍മ്മ

ദില്ലി: ജയിലില്‍ പീഡിപ്പിക്കപ്പെട്ടെന്ന്  മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ. അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

 ജയിലിനുള്ളില്‍ വളരെ മോശമായ പെരുമാറ്റമായിരുന്നു. ജയിലര്‍ തന്നെ പിടിച്ച് ഉന്തിയെന്നും ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് പ്രിയങ്കയുടെ പറയുന്നത്. ജയിലില്‍ കിടന്ന അഞ്ചുദിവസവും ആരോടും സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്.

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍  മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും പ്രിയങ്ക മമതയോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടതില്ലെന്നുമാണ് പ്രിയങ്കയുടെ വാദം. 

click me!