പ്രിയങ്കയുടെ ചൂണ്ടയില്‍ കൊത്തിയ യോഗി; ബസിലേറി കരപിടിക്കുമോ കോണ്‍ഗ്രസ് ?

By Web TeamFirst Published May 21, 2020, 8:53 PM IST
Highlights

കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസുകള്‍ ഏര്‍പ്പാടാക്കിയ കാര്യത്തിൽ കോൺഗ്രസും യോഗി സർക്കാരും തമ്മിലുള്ള രാഷ്ട്രീയപ്പോര് തുടരുകയാണ്

കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസുകള്‍ ഏര്‍പ്പാടാക്കിയ കാര്യത്തിൽ കോൺഗ്രസും യോഗി സർക്കാരും തമ്മിലുള്ള രാഷ്ട്രീയപ്പോര് ഇനിയും അവസാനിച്ചിട്ടില്ല. 1,000 ബസുകള്‍ സംബന്ധിച്ച തർക്കത്തിൽ ആരാണ് ശരിയും തെറ്റും എന്നതിനപ്പുറം കുടിയേറ്റത്തൊഴിലാളികളുടെ ദുരവസ്ഥ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്

കുടിയേറ്റത്തൊഴിലാളികളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയുള്ള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണം ഒരു പരിധിവരെ വിജയം കണ്ടുവെന്നും പറയാം. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ എസ്പിയെയും ബിഎസ്പിയെയും വിഷയത്തില്‍ നിഷ്പ്രഭമാക്കാനും കോണ്‍ഗ്രസിന് സാധിച്ചു. ലോക്ക്ഡൗണ്‍ മൂലമുണ്ടായ മനുഷ്യദുരിതത്തിൽ, കൃത്യമായ ഇടപെടലിലൂടെ ബിജെപിയെ സമ്മർദ്ദത്തിലാക്കാൻ 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കോൺഗ്രസിന് സാധിച്ചുവെന്നും വിലയിരുത്താം.

ബസ് ഏർപ്പെടുത്തിയ ശേഷം മൂന്നു ദിവസം നീണ്ട നാടകീയ നീക്കങ്ങൾ ഇന്നലെ വൈകിട്ടാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ തെറ്റായ വിവരങ്ങൾ നല്‍കി എന്നാരോപിച്ച് വഞ്ചനയ്ക്കുൾപ്പടെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് പിൻവലിക്കില്ലെന്ന് യുപി സർക്കാർ ആവർത്തിക്കുകയും ചെയ്യുന്നു.

യോഗി സർക്കാർ തൊഴിലാളികളെ സഹായിക്കുന്നില്ല എന്ന സന്ദേശം നല്‍കാന്‍ സാധിച്ചുവെന്നത് പ്രിയങ്ക ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്‍റെ വിജയമാണ്. പിന്നോട്ടില്ലെന്നാണ് ആവര്‍ത്തിച്ച്, രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാകാനും പ്രിയങ്ക ശ്രദ്ധിക്കുന്നുണ്ട്. 'ആകാശം എത്ര ഇരുണ്ടതെങ്കിലും മുന്നോട്ട്' -രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ പ്രിയങ്ക ട്വീറ്റ് ചെയ്തത് ഇങ്ങനെ. കൊവിഡ് പ്രതിരോധ സമയത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി കിട്ടിയ മേല്‍ക്കൈ. 

മെയ് 16നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ദൈനംദിന കൂലിത്തൊഴിലാളികളെയും കൃഷിക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ ആവശ്യമായ നടപടികളെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുള്ള കത്തായിരുന്നു അത്. ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങളിൽ സന്നദ്ധസേവനം നടത്താനുള്ള കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം പ്രകടിപ്പിക്കാനും പ്രിയങ്ക മറന്നില്ല.

ലോക്ക്ഡൗണ്‍ കാലയളവിൽ, മായാവതി, അഖിലേഷ് യാദവ് എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രിയങ്ക കൂടുതൽ സജീവമായിരുന്നു, യുപി മുഖ്യമന്ത്രിക്ക് കുറഞ്ഞത് നാല് കത്തുകളെങ്കിലും വിവിധ വിഷയത്തില്‍ പ്രിയങ്ക അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള കോണ്‍ഗ്രസിന്‍റെ സന്നദ്ധത അറിയിച്ചു. ഇതില്‍ അവസാന ഇടപെടലായിരുന്നു കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ 1,000 ബസുകൾ നൽകിക്കൊണ്ട് പ്രിയങ്ക എഴുതിയ കത്ത്.

കത്ത് ലഭിച്ച് അടുത്ത ദിവസം സംസ്ഥാന സർക്കാർ മറുപടി നല്‍കി. നിർദ്ദേശം അംഗീകരിച്ചതോടൊപ്പം ബസുകളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രിയങ്കയുടെ ഓഫീസ് തിങ്കളാഴ്ച രാത്രി 1,000 ബസുകളുടെ പട്ടിക മെയിൽ ചെയ്തു. എന്നാല്‍ വാഹനങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. 

ഓട്ടോറിക്ഷകൾ, ബൈക്കുകൾ, കാറുകൾ, ട്രക്കുകൾ എന്നിവയുടെ രജിസ്ട്രേഷൻ നമ്പറുകള്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ബസുകളുടെ പട്ടികയിലുണ്ടെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ ചൊവ്വാഴ്ച ഉച്ചയോടെ നല്‍കിയ വിശദീകരണം. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതായിരുന്നു ഈ ആരോപണം. യുപി സര്‍ക്കാര്‍ വാദം ശരിയെങ്കില്‍ തന്നെ, ട്രക്കും മറ്റ് വാഹനങ്ങള്‍ക്ക് പുറമെ ബസുകള്‍ക്ക് എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കാന്‍ യുപി സര്‍ക്കാറിന് സാധിച്ചില്ല.

അതേസമയം ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. ഒപ്പം ബസുകള്‍ നേരിട്ട് പരിശോധിക്കാന്‍ യോഗി സര്‍ക്കാറിനെ പ്രിയങ്ക വെല്ലുവിളിക്കുകയും ചെയ്തു. നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിൽ നിന്ന് കോൺഗ്രസ് തിരിച്ചുവരവ് നടത്തി. ബസുകളിൽ ബിജെപി പതാകകൾ കെട്ടിയായാലും യുപി റോഡുകളിൽ സഞ്ചരിക്കാൻ അനുവാദം നല്‍കണമെന്ന് പ്രിയങ്ക ആവശ്യപ്പെടുകയും ചെയ്തു.

ഉത്തര്‍പ്രദേശിന്‍റെ സംഘടനാ ചുമതല ലഭിച്ച ശേഷം 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ജനസംഖ്യയുള്ളതും രാഷ്ട്രീയമായി നിർണായകവുമായ സംസ്ഥാനത്തിൽ അടിത്തറയില്ലാത്ത പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി. പൗരത്വ പ്രതിഷേധം നിര്‍ത്തിവച്ച ശേഷം നിശ്ചലമായ ദേശീയ രാഷ്ട്രീയത്തില്‍  പുതിയ നീക്കങ്ങളിലൂടെ വീണ്ടും സജീവമാവുകയാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ്. രാജ്യത്ത് വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിന്‍റെ ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു, പ്രിയങ്കയുടെ ഇടപെടലുകളിലെ പക്വതയില്‍ പാര്‍ടിക്ക് പുനരുജ്ജീവന സാധ്യതകള്‍ തുറക്കുമോ എന്നതായിരിക്കും വരും ദിവസങ്ങളില്‍ രാഷ്ട്രീയ ഇന്ത്യക്ക് പറയാനുള്ളത്.

click me!