കടുത്ത നടപടിയുമായി റെയില്‍വേയും; സമരക്കാരില്‍ നിന്ന് 80 കോടി ഈടാക്കും

By Web TeamFirst Published Dec 31, 2019, 8:53 AM IST
Highlights

റെയില്‍വേക്ക് നേരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേ. നിരവധി സ്ഥലങ്ങളില്‍ ട്രെയിന്‍ കോച്ച് തീവെച്ച് നശിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവമുണ്ടായിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. 

80 കോടിയുടെ നാശനഷ്ടമാണ് റെയില്‍വേക്കുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം 70 കോടി മാത്രം നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് 10 കോടിയുടെ നഷ്ടവുമുണ്ടായി. പ്രാഥമിക കണക്കെടുപ്പ് മാത്രമാണ് നടന്നതെന്നും തുക അന്തിമമായി കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലാണ് കൂടുതല്‍ ആക്രമണമുണ്ടായത്. സാന്‍ക്രൈല്‍ റെയില്‍വേ സ്റ്റേഷന്‍ പ്രക്ഷോഭകാരികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കൃഷ്ണാപുര്‍, ലാല്‍ഗോല, സുജ്നിപാര, ഹരിശ്ചന്ദ്രപുര റെയില്‍വേ സ്റ്റേഷനുകളിലും ആക്രമണമുണ്ടായി. അസമിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. 

റെയില്‍വേക്ക് നേരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 

ഉത്തര്‍പ്രദേശിലും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ വ്യാപകമായി കേസ് എടുക്കുകയും നാശനഷ്ടം ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച നിരവധി പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.

click me!