
പാറ്റ്ന: പ്രവാചകൻ മുഹമ്മദ് നബിയെ 'മര്യാദ പുരുഷോത്തമൻ' എന്ന് വാഴ്ത്തി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോകത്ത് പൈശാചിക വർധിച്ചപ്പോൾ, വിശ്വാസം അവസാനിച്ചപ്പോൾ സത്യസന്ധതയില്ലാത്തവരും ചെകുത്താന്മാരും ചുറ്റും നിറഞ്ഞു. അവരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ മധ്യേഷ്യയിൽ ദൈവം മര്യാദ പുരുഷോത്തമനായ ഒരു മികച്ച മനുഷ്യനെ സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ഇസ്ലാം വിശ്വാസികൾക്കു വേണ്ടിയാണ് വന്നത്. അസത്യത്തിന് എതിരെയാണ് വന്നത്. തിന്മയ്‌ക്കെതിരെയാണ് വന്നതെന്നും ആർജെഡി നേതാവായ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചന്ദ്രശേഖറിന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്ത് വന്നു. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഹിസ്റ്റീരിയ പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി നടത്തുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.
വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ മാനസികാസ്വാസ്ഥ്യത്തിന് ഇരയായിരിക്കുകയാണ്. ഇടയ്ക്കിടെ രാമായണത്തെ കുറിച്ച് അഭിപ്രായം പറയുകയും പിന്നീട് മുഹമ്മദ് നബിയെ കുറിച്ച് പറയുകയും ചെയ്യുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരിൽ കലഹിച്ചാണ് ഇവർ വോട്ട് രാഷ്ട്രീയം കളിക്കുന്നതെന്നും ബിജെപി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.
അതേസമയം, ബിജെപി വിഷപ്പാമ്പാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായിക മന്ത്രിയുമായി ഉദയനിധി സ്റ്റാലിൻ ഇന്ന് പറഞ്ഞിരുന്നു. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ്നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്‍റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ഉദയനിധി പരിഹസിച്ചു. നേരത്തെ, സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം