
മുംബൈ: ബിഗ് ബോസ് സീസണ്‍ 13 നിരോധിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ണി സേന അംഗങ്ങളടക്കമുള്ളവര്‍ വെള്ളിയാഴ്ച സല്‍മാന്‍ ഖാന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ബിഗ് ബോസിലെ അംഗങ്ങള്‍ ഒരു കിടക്കയില്‍ കിടക്കുന്ന ബെഡ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന സെഷന്‍ കൊണ്ടുവന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെ കര്‍ണിസേന അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ അഭിനേതാക്കളുടെ വീടിനുമുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ബിഗ് ബോസിനെതിരെ ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും കത്തില്‍ ആരോപിക്കുന്ന എംഎല്‍എ ഷോ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
'' ബിഗ് ബോസില്‍ രാജ്യത്തിന്‍റെ സംസ്കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളുണ്ട്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം തിരുച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ഇത്തരം ഷോകള്‍ രാജ്യത്തിന്‍റെ സംസ്കാരത്തെ നശിപ്പിക്കുന്നു''വെന്നും നന്ദ് കിഷോര്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ ടെലിവിഷന്‍ പരിപാടുകളും സെന്‍സറിംഗിന് വിധേയമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്‍റര്‍നെറ്റിലും ലഭ്യമാണെന്നും നന്ദ് കിഷോര്‍ പറയുന്നു. ബിഗ് ബോസിനെതിരെ ബ്രാഹ്മണ്‍ മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന് മഹാസഭ നിവേദനം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam