കർണാലിലെ ലാത്തിച്ചാർജ്ജിനെതിരായ പ്രതിഷേധം: നൂറിലേറെ കർഷകർക്കെതിരെ കേസ്

By Web TeamFirst Published Aug 30, 2021, 10:42 AM IST
Highlights

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കർണാലിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷകസംഘടനകൾ. 

ദില്ലി: ഹരിയാനയിലെ കർണാലിൽ പൊലീസ് ലാത്തിച്ചാർജിനെതിരെ പ്രതിഷേധിച്ച നൂറിലേറെ കർഷകർക്കെതിരെ കേസെടുത്തു. സിർസയിൽ ഉപരോധം നടത്തിയ കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം  കർണാലിൽ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കർഷകൻ മരിച്ചിരുന്നു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഇയാൾക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. 

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കർണാലിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷകസംഘടനകൾ. കർഷകരുടെ തല തല്ലി പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന ആരോപണം ഉയർന്ന കർണാൽ എസ് ഡി എം ആയുഷ് സിൻഹക്ക് എതിരെ നിയമനടപടികൾ ആലോചിക്കാൻ നാളെ കർണാൽ കർഷകർ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാൻ സർക്കാർ തയ്യറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു. 

എന്നാൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ, എസ് ഡി എമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്ന വാദമാണ് ഖട്ടാറും ഉയർത്തുന്നത്. 

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ​ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോ​ഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ​ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. 

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചർച്ചക്ക് വേണ്ടിയാണ് യോ​ഗം സംഘടിപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെയുള്ള യോ​ഗത്തിൽ കാബിനറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ സംബന്ധിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരാനുള്ള കർഷകരുടെ ശ്രമമാണ് സംഘർഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം. 

click me!