സംസ്ഥാന അധികാരം കൈപ്പിടിയിലാക്കാനോ? സഹകരണ മന്ത്രാലയത്തിന് എതിരെ പ്രതിഷേധം

By Web TeamFirst Published Jul 9, 2021, 1:54 PM IST
Highlights

മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. രാജ്യത്തെ സഹകരണ മേഖലയിൽ ഭരണപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

ദില്ലി: കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. രാജ്യത്തെ സഹകരണ മേഖലയിൽ ഭരണപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വിജയകരമായി തുടരുന്ന സഹകരണപ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്. കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഭരണഘടന പ്രകാരം സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനത്തിന്‍റെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്.  നിരവധി മേഖലകളിലായി പതിനയ്യായിരത്തിലധികം സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. 2 ലക്ഷം കോടി രൂപയിലധികം വരുന്ന ഇതിലെ നിക്ഷേപത്തിലാണ് കേന്ദ്രം കണ്ണുവെക്കുന്നതെന്ന് സിപിഎം ആരോപിച്ചു. പൊതുമേഖല ബാങ്കുകളെ കൊള്ളയടിച്ച കേന്ദ്രം സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾ കൂടി കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനും പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നുണ്ട്. 

click me!