
പട്ന: മസ്തിഷ്ക ജ്വരം(അക്യൂട്ട് എന്‍സെഫിലിറ്റ്സ് സിന്‍ഡ്രോം-എഇഎസ്) ബാധിച്ച് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിഷേധം. രോഗം പടര്‍ന്ന മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് സന്ദര്‍ശന വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയത്. ആശുപത്രി സന്ദര്‍ശനത്തിനെത്തിയ നിതീഷ് കുമാറിനെ ഗോ ബാക്ക് വിളികളോടെയാണ് പ്രതിഷേധക്കാര്‍ എതിരേറ്റത്.
മൂന്നാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ എത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആശുപത്രിയില്‍ കുടിവെള്ള ടാങ്ക് എത്തിക്കാന്‍ ജില്ല ഭരണകൂടം തയ്യാറായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പണം നല്‍കി കുടിവെള്ളം വാങ്ങുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അതിനിടെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കുറവാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
രോഗം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മാധ്യമങ്ങളെ വിലക്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് ഇതുവരെ 133 കുട്ടികള്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മുസഫര്‍പുര്‍ ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam