
ദില്ലി: ക്യൂബക്ക് അനുകൂല പ്രമേയവുമായി സിപിഎം കേന്ദ്ര കമ്മിറ്റി. ക്യൂബയ്‌ക്കെതിരായ യുഎസ് നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി സിപിഎം കേന്ദ്ര കമ്മിറ്റി രംഗത്തെത്തി. ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്‌ട്രോയ്‌ക്കെതിരായ യുഎസ് കുറ്റപത്രം നിയമവിരുദ്ധമാണെന്നും നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം വിലയിരുത്തി. അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിച്ചണിനിരക്കാൻ ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയില്ല. ആരോഗ്യപ്രശ്നം കാരണം അവസാന നിമിഷം യാത്ര മാറ്റുകയായിരുന്നു.
കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതിൽ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്ത് താഴേതട്ടു മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.
പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് ഇളവു നല്കിയത് മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പിബിയിൽ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നല്കിയതെന്നും സിസി യോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ചില അംഗങ്ങൾ യോഗത്തെ അറിയിച്ചേക്കും. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തിൽ ഇനി പുനപരിശോധന ഉണ്ടാകില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇതുവരെ സിസി യോഗത്തിൽ ഒറ്റക്കെട്ടായാണ് വിവിധ വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചിരുന്നത്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കൾക്കുള്ള വ്യത്യസ്ത നിലപാടും സിസി യോഗത്തിൽ പ്രകടമാകാനുള്ള സാധ്യത തള്ളാനാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam