അയോധ്യ ക്ഷേത്രക്കൊള്ളയിലെ എസ്ഐടി പ്രാഥമിക റിപ്പോർട്ടിൽ പേരില്ലാത്തതിന് പിന്നാലെ പ്രതികരണവുമായി ചമ്പത് റായി രംഗത്തെത്തി. അന്വേഷണം കഴിയുമ്പോൾ സത്യം പുറത്തുവരുമെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റായിയുടെ വാദം
ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ എസ് ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പ്രസ്താവന പുറത്തിറക്കി ചമ്പത് റായ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്ത് വരുമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നുമാണ് ചമ്പത് റായിയുടെ വിശദീകരണം. 35 വര്‍ഷമായി അയോധ്യയില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ പൊതു ജീവിതം തുറന്ന പുസ്തകമാണെന്നും എസ് ഐ ടിയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും ചമ്പത് റായി വ്യക്തമാക്കി. എസ് ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചമ്പത് റായിക്കെതിരെ നേരിട്ട് പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ല.
ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്
അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിൽ ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ചമ്പത് റായിയെ എസ് ഐ ടി വെള്ളപൂശുമെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കും വിധമാണ് 9 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ ഒഴിവാക്കി ഭരണപമായ വീഴ്ച സംഭവിച്ചത് മുന്‍ ട്രസ്റ്റി അനില്‍ മിശ്രക്ക് മാത്രമാണെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. പണം എണ്ണിതിട്ടപ്പെടുത്തുന്ന സ്ഥലത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് അനില്‍ മിശ്രയുടെ വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്പത് റായിക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴികളുടെ നിജസ്ഥിതി പോലും പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്‍റെ സ്വാധീനം സ്ഥിരീകരിക്കുന്ന എസ് ഐ ടി ഒരിടത്തും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോല്‍ അയാളെ ഏല്‍പ്പിച്ചിരുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തില്‍ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ചമ്പത് റായിയുടെ സ്ഥാനത്ത് താല്‍ക്കാലികമായി നിയമിതനായ കൃഷ്ണ മോഹനെതിരെയും പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. ഐ എഫ് എസ് ഉദ്യോഗത്തില്‍ നിന്ന് മുഴുവന്‍ സമയ ആര്‍ എസ് എസ് പ്രചാരകനായി റോള്‍ മാറ്റിയ കൃഷ്ണമോഹന്‍ 86 കോടി രൂപയുടെ ഭൂമി ഇടപാടാണ് അയോധ്യ ക്ഷേത്രത്തിന് സമീപം നടത്തിയതെന്നും, ട്രസ്റ്റ് ഭാരവാഹികളുടെ ബെനാമിയായ കൃഷ്ണമോഹന് ക്ഷേത്രത്തിലെ പണം കിട്ടിയിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.
