
കൊൽക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽപ്പെട്ട സ്ത്രീക്ക് പുതുജീവൻ നൽകി റെയിൽവെ ഓഫീസർ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് അശ്രദ്ധമായി ഇറങ്ങാൻ ശ്രമിച്ച സ്ത്രീ താഴെ വീഴുകയായിരുന്നു. നിമിഷ നേരം വൈകിയിരുന്നെങ്കിൽ പൊലീയേണ്ടിയിരുന്ന ജീവൻ ആർപിഎഫ് ഓഫീസറുടെ ധീരമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ട് സ്ത്രീകൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തം. രണ്ടാമത് ഇറങ്ങിയ സ്ത്രീയാണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണത്. ബംഗാളിലെ പുരുലിയ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ആർപിഎഫ് ഓഫീസർ ബബ്ലു കുമാർ ഓടിയെത്തുകയും സ്ത്രീയെ നിമിഷ നേരംകൊണ്ട് വലിച്ച് മാറ്റുകയുമായിരുന്നു. മറ്റൊരു യാത്രികൻ സ്ത്രീയെ രക്ഷിക്കാൻ ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. റെയിൽവെ അധികൃതർ നിരന്തരമായി മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാർ വീണ്ടും ജീവൻ അപകടത്തിലാകുന്ന നിലയിൽ ഇത്തരം പ്രവർത്തികൾ തുടരുകയാണ്.