ആംബുലന്‍സുകള്‍ തടഞ്ഞ് അക്രമികൾ; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും വാനുകളിലും

By Web TeamFirst Published Feb 25, 2020, 8:27 PM IST
Highlights

ഖുറേജി ഖാസ് പ്രദേശത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൈഫ് എന്നയാളെ വാനില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറായ കൈഫ് വാഹനം നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമണത്തിന് ഇരയായത്. 

ദില്ലി: ദില്ലിയിലെ സംഘർഷത്തിൽ ​ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കുകളിലും വാനുകളിലും. അക്രമകാരികൾ ആംബുലന്‍സുകള്‍ തടഞ്ഞതാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസമെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവരെ പോലും വേ​ഗം ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചില്ലെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

അക്രമികൾ തമ്മിലുണ്ടായ കല്ലേറിൽ വലതുകൈക്ക് പരിക്കേറ്റ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു."ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ വലതുകൈയില്‍ എന്തോ തറച്ചു. കൈയില്‍ പതിച്ചത് കല്ലാണോ മറ്റെന്തെങ്കിലുമാണോ എന്ന് അറിയില്ല," അമിത് കുമാര്‍ പറയുന്നു. 

ഖുറേജി ഖാസ് പ്രദേശത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൈഫ് എന്നയാളെ വാനില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറായ കൈഫ് വാഹനം നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. കല്ലേറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ് റോഡിൽ വീണ കൈഫിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സുഹൃത്ത് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറാണ് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദിലും മൗജ്പൂരിലും സംഘര്‍ഷത്തില്‍ കലാശിച്ചത്. ദില്ലി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കം പത്തുപേരാണ് മരിച്ചത്. 

അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായെന്ന് അമിത് ഷാ പറഞ്ഞതിന് ശേഷവും ദില്ലിയില്‍ അക്രമം തുടരുകയാണ്. അശോക് നഗറില്‍ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി തീയണയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഫയര്‍ ഫോഴ്സ് പോയ ശേഷം തിരികെയെത്തിയ അക്രമികള്‍ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു.

click me!