
ചെന്നൈ: ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ ഐഎസ്ആർഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയിൽ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണിൽ ഗഗൻയാൻ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുമെന്നും ഇസ്രോ അധികൃതർ വ്യക്തമാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി സി55 വിജയകരമായി വിക്ഷേപിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അധികൃതർ.
പിഎസ്എൽവിയെ വാണിജ്യ വിക്ഷേപണ വാഹനമായി മാറ്റുമെന്നും, എൻഎസ്ഐഎല്ലിന് കൈമാറുമെന്നും എൻഎസ്ഐഎൽ മേധാവി ഡോ രാധാകൃഷ്ണൻ വ്യക്തമാക്കി. എൻഎസ്ഐഎൽ ഇനി സ്വന്തം നിലയിൽ ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയും വിക്ഷേപിക്കുകയും ചെയ്യും. ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് മൂവായിരം കോടി വരുമാനമുള്ള കമ്പനിയായി മാറി. കഴിഞ്ഞ വർഷം മാത്രം കമ്പനി നേടിയത് പത്തിരട്ടി വളർച്ചയാണ്. നിലവിൽ ഇസ്രോയുടെ 10 ഉപഗ്രഹങ്ങൾ എൻഎസ്ഐഎല്ലിന് കൈമാറിക്കഴിഞ്ഞു.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി55 വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തിയ സമ്പൂർണ വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2 വും നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 മാണ് പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്. ഉപഗ്രഹങ്ങൾ വേർപെട്ടതിന് ശേഷം റോക്കറ്റിന്റെ നാലാം ഘട്ടമായ പിഎസ് 4 പരീക്ഷണങ്ങൾക്കായി ഭ്രമണപഥത്തിൽ അൽപ്പനേരം നിലനിർത്തുന്ന പരീക്ഷണവും ദൗത്യത്തിനൊപ്പം നടന്നു. വിവിധ സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഏഴ് ചെറു പേ ലോഡുകളാണ് ഈ ഘട്ടത്തിൽ ഉപയോഗിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam