
ശ്രീഹരിക്കോട്ട: പ്രതികൂല കാലാവസ്ഥക്കിടെ കൊവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ . ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്നാണ് പിഎസ്എൽവി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ ദൗത്യം വഴി ഐഎസ്ആര്‍ഒ എത്തിച്ചത്. പ്രതികൂല കാലാവസ്ഥക്കിടെയാണ് വിക്ഷേപണം നടന്നത്. അഞ്ച് മിനിറ്റോളം കൗണ്ട് ഡൗൺ നിര്‍ത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടായി.
2020 ൽ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇഒഎസ് 1 നൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. പിഎസ്എൽവിയുടെ 51-ാം ദൗത്യമാണ് പിഎസ്എൽവി സി 49. കൃഷി, വാന നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇഒഎസ് 01. പ്രതികൂല കാലാവസ്ഥയിലും രാപ്പകൽ ഭേദമില്ലാതെ തെളിമയാര്‍ന്ന ചിത്രങ്ങൾ പകര്‍ത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. സുരക്ഷാ നിരീക്ഷണ കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താനാകും.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെർച്വുൽ കണ്ട്രോൾ സെൻ്ററിൽ നിന്നായിരുന്നു സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റർ), ലക്സംബർഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷൻ ഉപഗ്രഹങ്ങൾ), യുഎസ് (4-ലെമൂർ മൾട്ടി മിഷൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ) എന്നിവയാണ് വിദേശത്തുനിന്നുള്ള 9 ഉപഗ്രഹങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam