പുതുച്ചേരിയിൽ രാഷ്ട്രീയ പ്രതിസന്ധി: രാജി വയ്ക്കില്ല, വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്നും നാരായണസ്വാമി

By Web TeamFirst Published Feb 16, 2021, 4:31 PM IST
Highlights

രാജിവെക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിലൂടെ കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും നാരായണസ്വാമി പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം കണക്കിലെടുത്താണ് വിശ്വാസ വോട്ടെടുപ്പ് എന്ന തീരുമാനമെന്നാണ് വിവരം. 

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ പുതുച്ചേരിയിൽ രാഷ്ട്രീയ പ്രതിസന്ധി. രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി നാരായണസ്വാമി അഭ്യൂഹങ്ങൾക്കിടെ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചു. രാജിവെക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിലൂടെ കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും നാരായണസ്വാമി പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം കണക്കിലെടുത്താണ് വിശ്വാസ വോട്ടെടുപ്പ് എന്ന തീരുമാനമെന്നാണ് വിവരം. 

നേരത്തെ നാല് എംഎൽഎമാരുടെ രാജിയും ഇതിൽ രണ്ട് പേർ ബിജെപിയിലേക്കെന്ന പ്രഖ്യാനവും വന്നതോടെ അദ്ദേഹം രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എ നമശിവായം, ഇ തീപ്പായ്‌ന്താൻ, മല്ലാടി കൃഷ്‌ണ റാവു, ജോൺ കുമാർ എന്നീ നാല് എംഎൽഎമാരാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ രാജിവെച്ചത്. 

ബിജെപി ഉയർത്തിയ സമ്മർദ്ദങ്ങളെ അതിജീവിച്ചായിരുന്നു നേരത്തെ കോൺഗ്രസ്-ഡിഎംകെ സർക്കാർ അധികാരത്തിലേറിയത്. എംഎൽഎ മാരുടെ രാജി പ്രഖ്യാപനത്തോടെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. നിലവിൽ 10 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. സീറ്റുവിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് രാജിയിലേക്കെത്തിയതെന്നാണ് വിവരം. സീറ്റിന്റെ പേരിൽ എംഎൽഎമാർ മുഖ്യമന്ത്രിയോട് ഇടഞ്ഞിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. രാഹുൽ ഗാന്ധി നാളെ പുതുച്ചേരിയിൽ എത്താനിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. 

click me!