
ദില്ലി: ബാലാകോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ ഇന്ത്യൻ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങൾ. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്ന് കിഴക്കൻ ഉത്തർ പ്രദേശിലെ ഷംലി എന്ന പ്രദേശത്തുനിന്നുള്ള സിആർപിഎഫ് ജവാൻ പ്രദീപ് കുമാറിന്‍റെ അമ്മ സുലേലത പറഞ്ഞു.
"ഞങ്ങൾ തൃപ്തരല്ല. നമ്മുടെ ഒരുപാട് മക്കൾ മരിച്ചുപോയി. എന്നാൽ അപ്പുറത്ത് മരിച്ച ഒരാളെയും ഞങ്ങൾ കണ്ടില്ല. അത് ഉറപ്പിച്ച് പറയുന്ന ഒരു വാർത്ത പോലുമില്ല. ഭീകരരുടെ മൃതശരീരങ്ങൾ ഞങ്ങൾക്ക് ടെലിവിഷനിൽ എങ്കിലും കാണണം." എൺപതുകാരിയായ സുലേലത പറയുന്നു.
മെയിൻപൂരി സ്വദേശിയായ സിആർപിഎഫ് ജവാൻ രാം വക്കീലിന്‍റെ സഹോദരി രാം രക്ഷയും ബാലാകോട്ട് ആക്രമണത്തിൽ തീവ്രവാദികളെ വകവരുത്തി എന്നതിന് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തി.
"പുൽവാമയിൽ നമ്മുടെ ജവാൻമാരുടെ വേർപെട്ടു കിടക്കുന്ന കയ്യും കാലുമെല്ലാം നമ്മൾ കണ്ടു. അപ്പുറത്ത് എന്താണ് ഉണ്ടായത് എന്നതിന് ഒരു തെളിവുമില്ല. അവർക്കൊരു തകരാറും പറ്റിയിട്ടില്ലെന്നാണ് പാകിസ്ഥാൻ പറയുന്നത്. ആക്രമിച്ചു എന്നുറപ്പാണ്, പക്ഷേ എവിടെയാണ് ആക്രമണം നടന്നത്? തെളിവില്ലാത്തിടത്തോളം അതെങ്ങനെ അംഗീകരിക്കാനാകും?" രാം രക്ഷ ചോദിക്കുന്നു.
വീരമൃത്യു വരിച്ച സൈനികൻ പ്രദീപ് കുമാറിന്‍റെ അമ്മ സുലേലത, രാം വക്കീലിന്‍റെ സഹോദരി രാം രക്ഷ
ഫെബ്രുവരി 14നാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട സിആർപിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേരെ ചാവേർ കാർബോംബ് ആക്രമണം നടത്തി ഭീകരർ നാൽപ്പത് സൈനികരെ വധിച്ചത്. ഫെബ്രുവരി 26ന് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ വ്യോമസേന പ്രത്യാക്രമണം നടത്തി. ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം ആക്രമിച്ച് തകർത്തതായി സർക്കാരും സൈന്യവും പിന്നീട് വെളിപ്പെടുത്തി.
അഞ്ച് പതിറ്റാണ്ടിന് ശേഷമായിരുന്നു ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്ഥാൻ അതിർത്തിക്കപ്പുറത്തേക്ക് പോയി ആക്രമണം നടത്തിയത്. ആക്രമണത്തിൽ 'വലിയ അളവിൽ' ഭീകരരെ വകവരുത്തി എന്നായിരുന്നു സർക്കാരിന്‍റെ അവകാശവാദം. എന്നാൽ ഇക്കാര്യം ഇതുവരെ അന്തർദേശീയ മാധ്യമങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷം നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടും ബാലാകോട്ട് ആക്രമണത്തിന് ഔദ്യോഗികമായി തെളിവ് പുറത്തുവിടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
കോൺഗ്രസിന്‍റെ വിമർശനത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗ് ഒരു പൊതുചടങ്ങിൽ പറഞ്ഞത് ബാലാകോട്ട് ആക്രമണത്തിൽ 300 ഭീകരരെ വധിച്ചുവെന്നാണ്. എന്നാൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലക്ഷ്യങ്ങൾ ആക്രമിക്കുകയാണ്, ശവമെണ്ണുകയല്ല ജോലിയെന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രതികരണം. ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് ബാലാകോട്ടിൽ 250 ഭീകരരെ കൊന്നുവെന്ന് ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam