ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മാലിന്യ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; 18ടണ്‍ മാലിന്യത്തില്‍നിന്ന് തിരികെ ലഭിച്ചത് ഇങ്ങനെ

By Web TeamFirst Published Nov 15, 2020, 9:14 AM IST
Highlights

പുണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്.
 

പുണെ: ദീപാവലിക്ക് മുന്നോടിയായി വീട് വൃത്തിയാക്കിയ മുംബൈ സ്വദേശിനിക്ക് സംഭവിച്ചത് വന്‍ അബദ്ധം. വീട്ടിലിരുന്ന പഴയ സാധനങ്ങള്‍ തൂത്തുകളയുന്നതിനിടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ പഴ്‌സ്. ആഘോഷ ദിവസം അങ്കലാപ്പിന്റെയും ആശങ്കയുടെയുമായി മാറിയെങ്കിലും ഒടുക്കം ഉടമയ്ക്ക് പഴ്‌സ് തിരികെ കിട്ടി.

പുണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്. നഗരസഭയുടെ മാലിന്യ വണ്ടി വന്നപ്പോള്‍ മാലിന്യങ്ങളുടെ കൂട്ടത്തിലാണ് ഈ പഴ്‌സും നല്‍കിയത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് അത് ആഭരണങ്ങള്‍ സൂക്ഷിച്ച പഴ്‌സായിരുന്നുവെന്ന് ഓര്‍മ വന്നത്. 

മംഗള്‍സൂത്ര, രണ്ട് വളകള്‍ എന്നിവയും മറ്റ് ആഭരണങ്ങളും ഇതിലുണ്ടായിരുന്നു. ആഭരണങ്ങള്‍ നഷ്ടമായി എന്നറിഞ്ഞയുടനെ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ സഞ്ജയ് കുതെയെ രേഖ വിളിച്ചു. ഇദ്ദേഹം പുണെ സിറ്റി മുനിസിപ്പര്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തെ വിളിച്ച് അന്വേഷിച്ചു. 

മാലിന്യവണ്ടിയില്‍ തിരഞ്ഞെങ്കിലും ആഭരണം കിട്ടിയില്ല. ഉടനെ മാലിന്യ സംസ്‌കരണ കരാറുകാരനെ ബന്ധപ്പെട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം ഉപേക്ഷിക്കപ്പെട്ടിടത്ത് ഹേമന്ത് ലഖന്‍ എന്നയാള്‍ 40 മിനിട്ടോളം തിരഞ്ഞു. 18 ടണ്‍ മാലിന്യക്കൂമ്പാരത്തിന്റെ നടുവിലായിരുന്നു തിരച്ചില്‍. ഏതായാലും ഹേമന്ത് പഴ്‌സ് കണ്ടെത്തുക തന്നെ ചെയ്തു. രേഖയെയും കുടുംബത്തെയും പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയാണ് പഴ്‌സ് കൈമാറിയത്‌
 

click me!