പഞ്ചാബ് മുഖ്യമന്ത്രിയെ എയർപോർട്ടിൽ തടഞ്ഞു, 50,000 രൂപ പിഴ; 'മുകളിൽ നിന്നുള്ള സമ്മർദ്ദത്തെ' തുടർന്നെന്ന് ആരോപണം, കേന്ദ്രത്തിനെതിരെ ആം ആദ്മി പാർട്ടി

Published : Oct 21, 2026, 06:07 AM IST
BHAGWANT MANN

Synopsis

ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പിഴ ചുമത്തി. കേന്ദ്ര സർക്കാർ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചുവെന്ന് എഎപി ആരോപിച്ചപ്പോൾ, ലഗേജിലെ വസ്തുക്കൾ പ്രഖ്യാപിക്കാത്തതിനാണ് പിഴയെന്ന് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തിൽ രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ്.

ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ മനഃപൂർവം അപമാനിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് എഎപി പഞ്ചാബ് മീഡിയ ഇൻ-ചാർജ് ബാൽതേജ് പന്നു എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മൻ പാരീസിലേക്ക് പോയതെന്ന് പന്നു പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പഞ്ചാബിലെ പ്രശസ്തമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്. എന്നാൽ മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകാൻ പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബാഗേജ് പരിശോധനയുടെ പേരിൽ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിപ്പിച്ചു. തുടർന്ന് അദ്ദേഹം പുറത്തിറങ്ങാൻ നേരം ഉദ്യോഗസ്ഥർ ഓടിയെത്തി 'മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്' നടപടിയെന്ന് അറിയിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് എഎപി ആരോപിക്കുന്നു.

എന്നാൽ ലഗേജിൽ കൊണ്ടുവന്ന ചില വസ്തുക്കൾ കൃത്യമായി പ്രഖ്യാപിക്കാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 50,000 രൂപ പിഴ ചുമത്തിയതെന്ന് ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്‍റെ ബാഗേജുകളും പരിശോധിച്ചിരുന്നു. സംഭവത്തെ തുടർന്ന് രൂക്ഷമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ധാർഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. എന്നാൽ അനുവദനീയമായതിനേക്കാളും കൂടുതൽ ലഗേജോ പണമോ കൊണ്ടുവന്നതിനാണ് മന്നും ഭാര്യ ഗുർപ്രീത് കൗറും ചോദ്യം ചെയ്യപ്പെട്ടതെന്ന് ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി വിക്രം സിംഗ് മജീതിയ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടൈഗർ ഷറോഫിന് നേരെയുണ്ടായ വെടിവെയ്പ്പ്, തോക്ക് വാങ്ങി യുവതികളെ ഏൽപ്പിച്ചത് 2 യുവാക്കൾ; നാല് പേർ കൂടി പിടിയിൽ
ദില്ലിയിൽ 'പാറ്റ' നിഗ്രഹം; നേതാക്കളുടെ കോലങ്ങൾ കൂട്ടത്തോടെ കത്തിച്ച് ലാൽ ഹിറ്റ് ജനത പാർട്ടി; പാറ്റകൾ അരക്ഷിതാവസ്ഥയ്ക്ക് ശ്രമിക്കുന്നുവെന്ന് മന്ത്രി