
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സന്ദർശനത്തിനിടെ പഞ്ചാബിൽ (Punjab) പുതിയ വിവാദം. പ്രധാനമന്ത്രിക്കുള്ള സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചന്നിയുടെ ഹെലികോപ്കടറിന് ഹോഷിയാർപൂരിലേക്ക് പറക്കാൻ അനുവാദം നൽകിയില്ല. ഇതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ ചന്നിക്ക് പങ്കെടുക്കാനാകില്ല. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേന്ദ്രം തടഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് പിന്നിലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും എന്തുകൊണ്ട് തന്റെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ചന്നി ആവശ്യപ്പെട്ടു.
കര്‍ഷക സംഘടനകളുടെ പ്രതിഷേധ ഭീഷണിക്കിടെയാണ് പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നത്. ഹെലികോപ്‍റ്ററില്‍ ജലന്ധറില്‍ എത്തിയ ശേഷം റാലി നടക്കുന്ന പിഎപി ഗ്രൗണ്ടിലേക്ക് റോഡ് മാര്‍ഗം പ്രധാനമന്ത്രി പോകുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരി അഞ്ചിന് ഫിറോസ് പൂരില്‍ നിശ്ചയിച്ചിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ റോഡ് മാര്‍ഗം പോയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ പിയേറേന ഫ്ലൈ ഓവറിന് സമീപത്ത് വെച്ച് കര്‍ഷകര്‍ തടഞ്ഞത് വലിയ വിവാദമായിരിന്നു. ഏറെ കോളിളടക്കമുണ്ടാക്കിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി അന്വേഷണം തുടരുമ്പോഴാണ് പ്രതിഷേധ മുന്നറിയിപ്പുകള്‍ക്കിടെ മോദി വീണ്ടും പഞ്ചാബിലെത്തുന്നത്. സുരക്ഷ വീഴ്ച പിന്നീട് ബിജെപി പഞ്ചാബിൽ പ്രധാന പ്രചാരണ വിഷയവുമാക്കി.
കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുക. റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കതിരെ പ്രതിഷേധിക്കുമെന്ന് 23 കര്‍ഷ സംഘടനകള്‍ പ്രഖ്യാപിച്ചിച്ചുണ്ട്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമറിയിക്കുമെന്ന് കർഷകർ അറിയിച്ചു. ഗ്രാമങ്ങളില്‍ മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്. താങ്ങുവിലയില്‍ സമിതി രൂപീകരിച്ചതല്ലാതെ തുടർ നടപടികളില്ല. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചിട്ടില്ല. കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ തുടരുന്നുവെന്ന മുദ്രാവാക്യവുമായാകും പ്രതിഷേധം. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് പോലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.