
അമൃത്സർ: നേതാക്കൾ തമ്മിലുള്ള തർക്കം കാരണം പഞ്ചാബിൽ കോൺഗ്രസിലെ (Punjab Congress) രണ്ടാം സ്ഥാനാർത്ഥി പട്ടിക (Candidate List) പ്രതിസന്ധിയിൽ. 31 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ സി വേണുഗോപാൽ അടങ്ങുന്ന പ്രത്യേക സമിതിയെ ഹൈക്കമാൻഡ് നിയോഗിച്ചു. പാർട്ടി കനത്ത വെല്ലുവിളി നേരിടുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചെങ്കിലും രണ്ടാം ഘട്ട പട്ടികയിൽ സമാവായത്തിലെത്താൻ പഞ്ചാബിലെ കോൺഗ്രസിനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് സമിതിയിൽ മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിയും നവജ്യോത് സിങ്ങ് സിദ്ദുവും തമ്മിൽ വലിയ തർക്കം നടന്നതായാണ് റിപ്പോർട്ട്.
ഇതോടെ ചർച്ച തീരുമാനാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ വിഷയത്തിലും ഛന്നി രണ്ടാം സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും ഭിന്നതയുണ്ട്. എന്നാൽ, ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഭൂരിപക്ഷം വരുന്ന മറ്റു സിഖ് സമുദായങ്ങൾ പിണങ്ങുമോ എന്ന ഭയമാണ് കോൺഗ്രസിനുള്ളത്. ഇതിനാൽ കൂട്ടായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് എന്ന നിലാപാടാണ് ഹൈക്കമാൻഡിന്.
അതേസമയം, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 22 സീറ്റുകളിലെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്. അമരീന്ദർ സിങ്ങ് പട്യാല അർബനിൽ നിന്ന് ജനവിധി തേടും. ഇതിനിടെ ഉത്തരാഖണ്ഡിൽ ബിജെപിക്ക് പിന്നാലെ കോൺഗ്രസും ആദ്യഘട്ട പട്ടിക ഇന്നലെ പുറത്തിറക്കി. പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ശ്രീനഗർ നിയമസഭാ സീറ്റിൽ മത്സരിക്കും.
ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന യശ്പാൽ ആര്യയ്ക്കും മകൻ സഞ്ജീവ് ആര്യയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. എന്നാൽ ദിദിഘട്ടിൽ നിന്ന് മത്സരിക്കുമെന്ന് കരുതിയിരുന്ന ഹരീഷ് റാവത്തിന്റെ പേര് പട്ടികയിൽ ഇല്ല. ലാൽകൌൻ, റാംനഗർ എന്നീ സീറ്റുകളിലാണ് നിലവിൽ റാവത്തിന് നോട്ടമെന്നാണ് വിവരം. ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തിയ മുൻമന്ത്രി ഹരക് സിങ്ങ് റാവത്തിന് പകരം മരുമകൾ അനുക്യതി ഗുസിനാകും സീറ്റ് നൽകുക എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam