
ദില്ലി: ബിഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിച്ച് മഹാഗഡ്ബന്ധൻ. ആർജെഡി നേതാവ് തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി സഖ്യം തെരഞ്ഞെടുത്തത്. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം, പത്രസമ്മേളനത്തിന്റെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയെ മാത്രം ഉൾപ്പെടുത്തിയതും വിവാദമായി. മഹാഗഡ്ബന്ധൻ സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് യോഗത്തിനെത്തിയിരുന്നു. യോഗത്തിലാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തത്. അതേസമയം, പോസ്റ്റളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വെട്ടിയതിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ വിശ്വാസമില്ലാത്തതിനാലാണ് പോസ്റ്ററിൽ നിന്നൊഴിവാക്കിയതെന്നായിരുന്നു പരിഹാസം.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ അശോക് ഗെലോട്ട്, ബിഹാർ ചുമതലയുള്ള കൃഷ്ണ അല്ലവാരു എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തേജസ്വിയെയും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയും കണ്ട് സഖ്യത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ബ്ലോക്ക് ഐക്യത്തിലാണെന്നും ശക്തമായ ഒരു ശക്തിയായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിച്ചെന്നും ഗെലോട്ട് പറഞ്ഞു. പല മണ്ഡലങ്ങളിലും നടക്കുന്ന സഖ്യത്തിലെ പാർട്ടികളുടെ മത്സരത്തെക്കുറിച്ച് സൗഹൃദ പോരാട്ടങ്ങൾ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ബ്ലോക്കിൽ ഒരു വിവാദമോ ആശയക്കുഴപ്പമോ ഇല്ലെന്ന് തേജസ്വിയും വ്യക്തമാക്കി.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 143 സ്ഥാനാർത്ഥികളെയാണ് ആർജെഡി തിങ്കളാഴ്ച പുറത്തിറക്കിയത്, അതിൽ 24 പേർ സ്ത്രീകളാണ്. ചില മണ്ഡലങ്ങളിൽ നിലവിൽ ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥികളുണ്ട്. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ 14 ന് ഫലം പുറത്തുവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam