
ദില്ലി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് കേരള പ്രവാസി അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്
മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്രആരോഗ്യമന്ത്രാലയത്തിനും, മൃഗസംരക്ഷണ മന്ത്രാലയത്തിനുമാണ് ജസ്റ്റിസ് അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധ ഏറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കാട്ടി കെപിഎ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലത്ത്, പ്രസിഡൻറ് അശ്വനി നമ്പാറമ്പത്ത് എന്നിവർ ചേർന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇൻട്രാ ഡെർമൽ റാബിസ് വാക്സിനുകളുടെ (ഐ.ഡി.ആർ വി) ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.
നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം, മനുഷ്യർക്കുള്ള റാബിസ് വാക്സിൻ നിർമ്മാണം, സങ്കീർണ്ണമായ ഒരു പ്രക്രിയയായതിനാൽ, നിർമ്മാണത്തിനും പരിശോധനയ്ക്കും കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ ആവശ്യമാണ്. പക്ഷെ വാക്‌സിൻ നിർമിച്ച് 14 ദിവസത്തിനകം കേരളത്തിൽ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യമായ ഗുണനിലവാര പരിശോധനകൾ പാലിക്കാത്തത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ നേരിട്ടുള്ള ലംഘനമാണമെന്നും ഹർജിയിൽ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് 2019 ലെ റാബിസ് പ്രതിരോധം നടപ്പിലാക്കാൻ വ്യാപക പ്രചാരണം നടത്തുന്നതിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്,
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹനൻ എന്നിവരാണ് ഹാജരായത്. . കെഎംഎംഎൻപി ലോ വഴിയാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം ഒരു ദോഷവും ചെയ്യാത്തതെന്ന് കേന്ദ്രസർക്കാർ; വാദം സുപ്രീം കോടതിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam