സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടോയെന്ന് ചോദ്യം; ആ ത്യാഗം പാഴാകാതെ ലക്ഷ്യത്തിലെത്തിക്കും, ഒരു ഭിന്നതയുമില്ലെന്ന് വക്താവ്

Published : Jul 24, 2026, 03:12 PM IST
Abhijeet Dipke Sonam Wangchuk

Synopsis

സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു അഭിപ്രായ ഭിന്നതയുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്. വാങ്ചുക്കിന്റെ ത്യാഗം പാഴാകാതെ ഈ സമരത്തെ അന്തിമ ലക്ഷ്യത്തിലെത്തിക്കുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി.

ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജപി നേതാവ് സൗരവ് ദാസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാങ്ചുക്കിന്‍റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്നും 11 കിലോയോളം ഭാരമാണ് കുറഞ്ഞതെന്നും സൗരവ് ചൂണ്ടിക്കാട്ടി. വാങ്ചുക്കിന്റെ ത്യാഗം പാഴാകാതെ ഈ സമരത്തെ അന്തിമ ലക്ഷ്യത്തിലെത്തിക്കുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി.

മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളിൽ സിജെപി ഉറച്ചുനിൽക്കുന്നുവെന്ന് സൗരവ് ദാസ് പറഞ്ഞു. 'ഞങ്ങളൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ നേടുന്നതു വരെ അതിനായി നില കൊള്ളു'മെന്നും സിജെപി വക്താവ് പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി കർശനമായ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയ സന്ദേശത്തിൽ പറഞ്ഞെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ സിജെപി നേതാക്കൾ തയ്യാറായിട്ടില്ല.

സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ നന്ദി പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.

ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് പ്രതികരിച്ചു. രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് എവിടെയും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സോനം വാങ്ചുക് അഭ്യർത്ഥിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ശരിയെന്ന് സിജെപി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ നടത്തിയ വിമർശനങ്ങളെ കുറിച്ചും സൗരവ് ദാസ് പ്രതികരിച്ചു. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എന്നാൽ ഭരണഘടനാനുസൃതമായി സമാധാനപരമായി പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ടെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയുടെ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും സിജെപി വക്താവ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നത് സമാധാനപരമായ സമരമാണെന്ന് സിജെപി വക്താവ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കുചേരുകയാണ് വേണ്ടതെന്നാണ് ഗീതാഞ്ജലി പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ
`ഞാൻ മരിക്കാനും തയാറായിരുന്നു'; സമരത്തിനിടെ പൊലീസ് വാഹനം തടഞ്ഞുനിർത്തി വൈറലായി യുവതി, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് സമരത്തിൻ്റെ മുഖമെന്ന് റിയ ആഹിർ