
ദില്ലി: ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തെ തണുപ്പിക്കാന്‍ പാതിരാ അനുനയമായി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഉറപ്പ് കിട്ടിയതോടെയാണ് 26 ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര സമരം സോനംവാങ്ചുക്ക് അവസാനിപ്പിച്ചത്.
കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ യുവാക്കളുടെ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലേക്കാണ് ആദ്യം പ്രധാനമന്ത്രിയുടെ വിഡിയോ എത്തുന്നത്. ഏറെ അടുപ്പമുള്ള ആള്‍ സംസാരിക്കും പോലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മ്മാണം മോദി പ്രഖ്യാപിച്ചു. പിന്നാലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്‍റെയും സാന്നിധ്യത്തില്‍ സോനം വാങ്ചുക്ക് ആശുപത്രിയില്‍ നിരാഹാരം അവസാനിപ്പിക്കുന്നു.
വാങ്ചുക്കിന്‍റെ ആവശ്യങ്ങളില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ഇല്ലാത്തതും സര്‍ക്കാരിന് ആശ്വാസമായി. നിയമനിര്‍മ്മാണത്തിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. നീറ്റ് ക്രമക്കേടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം തുടങ്ങിയ ഉറപ്പുകള്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയതോടെയാണ് വാങ് ചുക്ക് സമരം അവസാനിപ്പിച്ചതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മോ വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണന്ന് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സിജെപി നേതൃത്വവും വ്യക്തമാക്കിയിരുന്നു. ഒരു മണിയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗം ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളിലെ കടുത്ത നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കി. പത്ത് വര്‍ഷം വരെ തടവും പത്ത് കോടി പിഴയുമാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് വിവരം. തിങ്കളാഴ്ച ബില്ലില്‍ ചര്‍ച്ച നടത്തി അന്ന് തന്നെ പാസാക്കാനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam