അയോധ്യ രാമക്ഷേത്ര നിർമാണത്തിൽ ചോദ്യം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഓർമിപ്പിച്ച് പിണറായി

By Web TeamFirst Published Aug 5, 2020, 7:38 PM IST
Highlights

അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഓർമപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഓർമപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യയിൽ പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അത്ഭുതമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസ് ചരിത്രപരമായി തന്നെ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കി. വിഷയത്തിൽ സിപിഎം നിലപാട് നേരത്തെ തന്നെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയതാണെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അയോധ്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടാണ് അറിയേണ്ടതെങ്കിൽ അത് നേരത്തെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.  ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. അതെങ്ങനെ മറികടക്കാമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്. 

ഇവിടെ ദാരിദ്ര്യത്തിൽ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്, അവർക്കെങ്ങനെ ആശ്വാസമേകാമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്. സംസ്ഥാന സർക്കാർ അതാണ് ചെയ്യുന്നത്.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  നേതൃത്വ നൽകുന്നവർക്ക് അലവൻസടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധിക്കുകയാണല്ലോ വേണ്ടത്. അത്തരം കാര്യങ്ങൾ ചെയ്യുകയാണല്ലോ വേണ്ടത്, ബാക്കിയുള്ളത് പിന്നെയാകാം.

പ്രിയങ്കാ ഗന്ധിയുടെ നിലപാടിൽ എനിക്കൊരു അത്ഭുതമില്ല. എല്ലാ കാലത്തും കോൺഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുൽ ഗാന്ധിയുടെയോ പ്രിയങ്കയുടെയോ നിലപാടിൽ പുതുതായി ഒന്നുമില്ല.

കോൺഗ്രസ് എന്നും മൃദു ഹിന്ദുത്വനിലപാടാണ് സ്വീകരിച്ചത്. ബാബറി മസ്ജിത് തകർക്കാൻ സംഘപരിവാർ പാഞ്ഞടത്തപ്പോൾ നിസംഗമായി നിന്നത് കോൺഗ്രസായിരുന്നു. കോൺഗ്രസ് ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയപ്പോഴൊക്കെ പിന്തുണ നൽകുന്ന നിലപാടായിരുന്നു കോൺഗ്രസിന്റേത്-മുഖ്യമന്ത്രി പറഞ്ഞു.

click me!