ലോക്ക് ഡൗൺ കാലത്തെ സങ്കടക്കാഴ്ചകളിൽ ഒന്നാണിത്; സൗജന്യ ഉച്ചഭക്ഷണത്തിന്റെ ക്യൂ തുടങ്ങുന്നത് രാവിലെ 6 മണി മുതൽ!

By Web TeamFirst Published Apr 13, 2020, 4:06 PM IST
Highlights

ലോക്ക് ഡൗൺ കാലത്തെ സങ്കടക്കാഴ്ചകളിലേക്ക് ഇതും കൂട്ടിച്ചേർക്കാം. ദില്ലിയിലെ ബാദ്ലി സർക്കാർ സ്കൂളിന് മുന്നിലാണ് ഈ ദൃശ്യം. 
 


ദില്ലി: കത്തിയെരിയുന്ന സൂര്യന് കീഴെ ടാറിട്ട റോഡിൽ കൃത്യമായ അകലം പാലിച്ച് വച്ചിരിക്കുന്ന ബാ​ഗുകളും ബി​ഗ്ഷോപ്പറുകളും പാത്രങ്ങളും. ഇവയുടെയൊക്ക ഉടമകൾ തൊട്ടടുത്ത കടയുടെ വരാന്തയിലോ തണലുള്ള ഇടങ്ങളിലോ കയറി നിൽക്കുകയാണ്. ദില്ലിയിലെ സ്ഥിരം കാഴ്ചയാണിത്. ചില ദിവസങ്ങളിൽ ഈ ക്യൂ മണിക്കൂറുകൾ നീണ്ടുപോകും. ദില്ലി സർക്കാർ നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് ഈ ക്യൂ. ചില ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ക്യൂ ആരംഭിക്കും. ലോക്ക് ഡൗൺ കാലത്തെ സങ്കടക്കാഴ്ചകളിലേക്ക് ഇതും കൂട്ടിച്ചേർക്കാം. ദില്ലിയിലെ ബാദ്ലി സർക്കാർ സ്കൂളിന് മുന്നിലാണ് ഈ ദൃശ്യം. 

പതിവായി 500 പേരിലധികം ആളുകളാണ് ഇവിടെ സൗജന്യ ഉച്ചഭക്ഷണം വാങ്ങാൻ എത്തുന്നത്. പരിപ്പുകറി, വെജിറ്റബിൾ സ്റ്റൂ, ചോറ് ഇത്രയുമാണ് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തിയിരിക്കുന്നത്. 1200 ഓളം ആളുകൾ വരെ ചില സമയങ്ങളിൽ ക്യൂവിൽ ഉണ്ടാകും. 'ചില ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ ഉച്ചഭക്ഷണത്തിനുള്ള ക്യൂവിൽ വന്നു നിൽക്കും.' ഓട്ടോറിക്ഷ തൊഴിലാളിയായ ഒരാൾ പറയുന്നു. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഇയാളുടെ ഉപജീവനമാർ​ഗം നിലച്ചിരിക്കുകയാണ്. ഇത്തരത്തിൽ ധാരാളം പേരാണ് തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്നത്.

പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിന് വേണ്ടി 2500 ഓളം കേന്ദ്രങ്ങളാണ് ദില്ലിയിൽ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 1 വരെ പ്രതിദിനം പത്ത് ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ദില്ലി സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഭക്ഷണം ലഭിക്കാതെ തിരികെ പോകുന്നവരുമുണ്ട്. ചിലപ്പോൾ തൊട്ടടുത്തെത്തുമ്പോൾ ഭക്ഷണം തീർന്നു പോകാറുണ്ട്. ക്യൂവിൽ നിൽക്കാനുള്ള സ്ഥലം റിസർവ്വ് ചെയ്ത് വെക്കുന്നവരുമുണ്ട്. ക്യൂ നീങ്ങുന്ന സമയത്ത് ആരെങ്കിലും സാമൂഹിക അകലം ലംഘനം നടത്തുന്നുണ്ടോ എന്നും പൊലീസ് വീക്ഷിക്കും. ദില്ലിയിൽ ഇതുവരെ 24 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 1154 പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്. 
 

click me!