റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണ് തൊട്ടു, അംബാല വ്യോമത്താവളത്തിൽ ഇറങ്ങി

By Web TeamFirst Published Jul 29, 2020, 3:40 PM IST
Highlights

ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടക്കവെ റഫാലിനോട് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം മുഴങ്ങി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. 

ദില്ലി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണ് തൊട്ടു. ഹരിയാനയിലെ അംബാലയിലുള്ള വ്യോമത്താവളത്തിൽ റഫാൽ വിമാനങ്ങൾ പറന്നിറങ്ങി. 'ആ പക്ഷികൾ' സുരക്ഷിതമായി ഈ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‍നാഥ് സിംഗ് ട്വീറ്റ് ചെയ്യുന്നു.

റഫാൽ യുദ്ധവിമാനങ്ങൾ പറന്നിറങ്ങുന്ന ദൃശ്യങ്ങൾ കാണാം:

The Touchdown of Rafale at Ambala. pic.twitter.com/lNJ8Vup1pe

— Rajnath Singh (@rajnathsingh)

രാജ്യത്തിന്‍റെ സൈനികചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലാണ് റഫാൽ യുദ്ധവിമാനങ്ങളുടെ ഈ ലാൻഡിംഗ് എന്ന് രാജ്‍നാഥ് സിംഗ് ട്വീറ്റ് ചെയ്യുന്നു. വ്യോമസേനയുടെ സൈനികശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ റഫാലിനാകും. തീർത്തും പ്രൊഫഷണലായി ഈ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിന് വ്യോമസേനയെ അഭിനന്ദിച്ച രാജ്‍നാഥ് സിംഗ്.

''ഉദയം അജസ്രം'' എന്ന വ്യോമസേനയുടെ പ്രഖ്യാപിതലക്ഷ്യത്തിനൊപ്പം നീങ്ങാൻ ഈ വിമാനങ്ങൾക്കാകും. ഫ്രഞ്ച് സർക്കാരിനും ദസോ ഏവിയേഷനും റഫാൽ വിമാനങ്ങൾ കൃത്യമായി എത്തിച്ചതിന് രാജ്‍നാഥ് സിംഗ് നന്ദി രേഖപ്പെടുത്തുന്നു. കൃത്യസമയത്ത് വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയമാണെന്നും രാജ്നാഥ് സിംഗ് പറയുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിയത്. ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. ''ഡെൽറ്റ 63, Good Luck And Happy Hunting'', എന്ന് റഫാലിൽ നിന്ന് മറുപടി തിരികെയെത്തി. ഇന്ത്യൻ സൈന്യത്തിന് ഇത് അഭിമാനനിമിഷം.

അഞ്ച് റഫാൽ യുദ്ധവിമാനങ്ങളാണ് ആദ്യഘട്ടമായി ഇന്ത്യയിലേക്ക് പറന്നെത്തിയത്. അകമ്പടിയായി രണ്ട് സുഖോയ് Su-30 MKI യുദ്ധവിമാനങ്ങളുമുണ്ട്. മൂന്ന് ഒറ്റസീറ്റർ വിമാനങ്ങളും രണ്ട് ഇരട്ടസീറ്റർ വിമാനങ്ങളുമാണ് റഫാലിന്‍റെ ആദ്യസംഘത്തിലുള്ളത്. 

വിദഗ്ധനായ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്‍റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാൽ എത്തുന്നത്. ഐഎൻഎസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ നൽകിയ ജലസല്യൂട്ടിന് ശേഷമാണ് അംബാലയിൽ റഫാൽ പറന്നിറങ്ങിയത്. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങൾ ഇന്ത്യയുടെ സൈന്യത്തിന്‍റെ സ്വന്തമാകും. 

റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നൽകിയത്.

: Five jets in the Indian airspace, flanked by two Su-30MKIs (Source: Raksha Mantri's Office) pic.twitter.com/hCoybNQQOv

— ANI (@ANI)

''സ്വർണ്ണക്കൂരമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമായിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ. അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യുഎഇയിൽ ഇടയ്ക്ക് നിർത്തിയതൊഴിച്ചാൽ തുടർച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാൽ. അതേസമയം, അംബാലയിൽ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. 

click me!