
അംബാല: റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി. അംബാലയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും. അതിർത്തിയിലെ നിലവിലെ അന്തരീക്ഷത്തിൽ ഇത് ഏറെ പ്രധാനമാണെന്നും പ്രതിരോധമന്ത്രി കൂട്ടി ചേർത്തു.
വ്യോമസേനയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇതെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൻ ആർ കെ എസ് ബദൗരിയയും ചടങ്ങിൽ പറഞ്ഞു.
ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയറും ചടങ്ങിൽ പങ്കെടുത്തു. റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണാകുന്നത്. റഫാൽ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം ചടങ്ങിന്റെ മാറ്റുകൂട്ടി.
ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam