
ദില്ലി: മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസർക്കാർ. അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസർക്കാരിന്‍റേതാണെന്ന് ബാങ്കേഴ്സ് അസോസിയേഷനും സുപ്രീംകോടതിയിൽ വാദിച്ചു.
സെപ്റ്റംബർ 28 ലേക്ക് മാറ്റി. വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ സർക്കാർ മൊറട്ടോറിയവുമായി ബന്ധപ്പെട്ട വ്യക്തമായ തീരുമാനം എടുക്കണം. ആർബിഐയും സർക്കാരും ബാങ്കുകളും എടുത്ത എല്ലാ തീരുമാനങ്ങളും കോടതിയെ അറിയിക്കണം. എല്ലാ നടപടികളും പരിശോധിക്കുമെന്നും കോടതി പറഞ്ഞു.
അന്തിമതീരുമാനം ആരുടേതെന്ന കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് പറഞ്ഞേ തീരൂവെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കേസ് സെപ്റ്റംബർ 28-ലേക്ക് മാറ്റിയിട്ടുണ്ട്. വിഷയം കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണമെന്നും, രണ്ടാഴ്ചയ്ക്കകം മൊറട്ടോറിയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെക്കുറിച്ചും പിഴപ്പലിശ ഈടാക്കുന്നതിനെക്കുറിച്ചും ബാങ്കുകളുമായി ചർച്ച നടന്നുവരികയാണെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ രണ്ടാഴ്ച വേണമെന്നും, അതിനാൽ അത് വരെ കേസ് നീട്ടി വയ്ക്കണമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് 31- വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകൾ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തേയും കൊവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാത്തതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ബാങ്കുകളെ ഏൽപിക്കാനാകില്ലെന്നും കേന്ദ്രവും റിസർവ് ബാങ്കും ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam