
ദില്ലി: വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങളും ആശങ്കകളും കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്തിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ആറിന് അവസാനിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
'മോദി സർക്കാർ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാർത്ഥികളുടെയും മറ്റ് വിദ്യാർത്ഥികളുടെയും യഥാർത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങൾക്ക് പകരം അവർക്ക് ജോലി നൽകൂ.' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബർ-നവംബർ മാസങ്ങളിൽ എട്ട് റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തും. കമ്പൈൻഡ് ഹയർസെക്കന്ററി ലെവൽ പരീക്ഷ, ജൂനിയർ എഞ്ചിനീയർ സെലക്ഷൻ പരീക്ഷ, കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷകൾ നടത്തിയതിനെതിരെ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam