വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

By Web TeamFirst Published Mar 29, 2023, 8:37 AM IST
Highlights

എല്ലാം പായ്ക്ക് ചെയ്ത് വെക്കണമെന്നാണ് രാഹുല്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു.

ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് നിർദ്ദേശം നല്‍കി രാഹുൽ ഗാന്ധി. വീട്ടു സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തന്‍റെ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നല്കിയത്.

എല്ലാം പായ്ക്ക് ചെയ്ത് വെക്കണമെന്നാണ് രാഹുല്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ ഹൗസിംഗ് കമ്മിറ്റി  രാഹുലിന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.  നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.  കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു.  

രാഹുലിനെതിരായ നടപടിയില്‍ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്കണമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് തേടിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. അടുത്ത മുപ്പത് വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടക്കുക. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവ് യോഗങ്ങൾ നടക്കും. സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തും.പാര്‍ലമെന്‍റിലും പ്രതിഷേധം തുടരും. രാവിലെ പത്തരക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച യോഗം നടക്കും. പ്രതിപക്ഷ പ്രക്ഷോഭത്തില്‍ ഇന്നും പാര്‍ലമെന്‍റ് സ്തംഭിക്കാനാണ് സാധ്യത.

Read More : കർണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട് ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടും അറിയാം

click me!