വിവാഹമൊക്കെ വേണ്ടേ! രാഹുലിനായി 'പെണ്ണ് നോക്കട്ടെ'യെന്ന് നേരിട്ട് ചോദിച്ച് സ്ത്രീ, ചിത്രവുമായി ജയ്റാം രമേശ്

By Web TeamFirst Published Sep 11, 2022, 11:01 AM IST
Highlights

രാജ്യത്തിന്‍റെ ഹൃദയം തൊട്ടറിയുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് രാഹുലിന്‍റെ യാത്ര പുരോഗമിക്കുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു

കന്യാകുമാരി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ കാലത്തിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കാണുന്നത്. മികച്ച പ്രതികരണമാണ് ഇതിനകം വിവിധ പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്രയ്ക്ക് രാഹുല്‍ തുടക്കമിട്ടത്. തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര കേരളത്തില്‍ പ്രവേശിച്ച് കഴിഞ്ഞു.

രാജ്യത്തിന്‍റെ ഹൃദയം തൊട്ടറിയുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് രാഹുലിന്‍റെ യാത്ര പുരോഗമിക്കുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു. ഇതിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിവാഹം ആലോചിക്കട്ടെ എന്ന് ഒരു സ്ത്രീ നേരിട്ട് ചോദിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നത്.  

A hilarious moment from day 3 of

During ’s interaction with women MGNREGA workers in Marthandam this afternoon, one lady said they know RG loved Tamil Nadu & they’re ready to get him married to a Tamil girl! RG looks most amused & the photo shows it! pic.twitter.com/0buo0gv7KH

— Jairam Ramesh (@Jairam_Ramesh)

തമിഴ്നാടിനെ രാഹുല്‍ ഗാന്ധി ഏറെ സ്നേഹിക്കുന്നുവെന്ന് അറിയാം. ഒരു തമിഴ് പെണ്‍കുട്ടിയുമായി രാഹുലിന്‍റെ വിവാഹം നടത്താന്‍ തയാറാണ്, ആലോചിക്കട്ടെയെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചുവെന്നും അത് ചിത്രം കണ്ടാല്‍ മനസിലാകുമെന്നും ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇതിനിടെ, ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയും വൈദികനും തമ്മിലുള്ള സംഭാഷണം ബിജെപി വിവാദമാക്കിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികന്‍ ജോർജ് പൊന്നയ്യയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ബിജെപി നേതാക്കൾ പങ്കുവച്ചത്. രാഹുല്‍ ആദ്യം ചരിത്രം പഠിക്കണമെന്ന പരിഹാസവുമായി അമിത്ഷായും യാത്രക്കെതിരെ ആഞ്ഞടിച്ചു. രാഹുലും വൈദികനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ 'ജീസസ് ഒരേയൊരു ദൈവമെന്ന്' വൈദികന്‍ പറഞ്ഞിരുന്നു. സംഭാഷണത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചു. അതേസമയം, കേരളത്തില്‍ എത്തിയ ജോ‍ഡോ യാത്രയെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി  സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ വന്‍ സ്വീകരണം നൽകി. 

വിദ്വേഷ പ്രസം​ഗത്തിന് അറസ്റ്റിലായ പാസ്റ്ററുമായി രാഹുൽ​ഗാന്ധിയുടെ കൂടിക്കാഴ്ച; ആയുധമാക്കി ബിജെപി

click me!