അതിർത്തിയിലെ സേനാ പിന്മാറ്റം നാളെ പൂർത്തിയാകും, താൽക്കാലിക നിർമ്മാണങ്ങൾ പൊളിച്ച് നീക്കും

By Web TeamFirst Published Sep 11, 2022, 10:32 AM IST
Highlights

താൽക്കാലികമായി കെട്ടി ഉയർത്തിയ നിർമ്മാണങ്ങൾ ഇരു രാജ്യങ്ങളും പൊളിച്ച് നീക്കും. 

ശ്രീനഗര്‍: കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന സേന പിന്‍മാറ്റം നാളെ പൂ‍ർത്തിയാകും. അഞ്ച് ദിവസമെടുത്താണ് സേന പിന്‍മാറ്റം പൂര്‍ത്തിയാക്കുന്നത്. മോദി ഷീ ജിൻപിങ് കൂടിക്കാഴ്ച സാധ്യത സജീവമായ സാഹചര്യത്തില്‍ കൂടിയാണ് സൈനിക പിന്‍മാറ്റവും നടക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഗ്രോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയില്‍ ഇന്ത്യയും ചൈനയും നിര്‍മ്മിച്ച താല്‍ക്കാലിക ക്രമീകരണങ്ങള്‍ പൊളിച്ച് മാറ്റുന്നത് അടക്കം നടത്തിയാണ് സേന പിന്‍മാറ്റം. വ്യാഴാഴ്ച  ആരംഭിച്ച നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകും. പതിനാറ് തവണ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ കമാന്‍റർ തല ചർച്ചകള്‍ക്ക് ഒടുവിലാണ് പിൻമാറ്റ ധാരണ ഉണ്ടായത്. 2020 ലുണ്ടായിരുന്ന സേന വിന്യാസ സ്ഥാനത്തേക്കായിരിക്കും ചൈനയുടെ പിൻമാറ്റമെന്നാണ് സൂചന. 

ഗ്രോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയില്‍ പിൻമാറുന്നുണ്ടെങ്കിലും ദെസ്പാങ് ഉള്‍പ്പടെയുള്ള മേഖലയിലെ പിന്‍മാറ്റത്തില്‍ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. അതീവ ജാഗ്രതയിലാണ്  സേന പിൻമാറ്റം നടക്കുന്നത്. കരസേന മേധാവി മനോജ് പാണ്ഡെ ഗ്രോഗ്ര ഹോട്ട്സ്പ്രിങ്ങ്സിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അടുത്ത ആഴ്ചയാണ് ഉസ്ബക്കിസ്ഥാനില്‍ ഷാങ്ഹായ് കോ ഓപ്പേറഷന്‍ ഓർഗനൈസേഷന്‍റെ യോഗം നടക്കുന്നത് ഇതില്‍ മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി സമാധനാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശവും സൈനീക പിൻമാറ്റത്തിലുണ്ട്.

click me!