Asianet News MalayalamAsianet News Malayalam

യോഗി സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകനെ ഉടൻ വിടണമെന്ന് സുപ്രീംകോടതി

"നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‍കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല'', എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി. 

suprteme court against the arrest of journalist prashant kanojia in uttarpradesh
Author
Supreme Court of India, First Published Jun 11, 2019, 11:38 AM IST

ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'അപകീർത്തിപ്പെടുത്തുന്ന' വീഡിയോ ഷെയർ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി. എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് യോഗി സർക്കാരിനെതിരെ നടത്തിയത്. 

പ്രശാന്ത് കനോജിയയെ ഉടൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകന്‍റെ ഭാര്യ ജിഗിഷയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ''ഇത്തരം ട്വീറ്റുകളുടെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്'' എന്ന് സുപ്രീംകോടതി ചോദിച്ചു. 

ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും എഎസ്‍ജി കോടതിയിൽ സമർപ്പിച്ചു. 

എന്നാൽ ഈ ട്വീറ്റുകളുടെ പേരിൽ കനോജിയയെ അറസ്റ്റ് ചെയ്തതിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി തൃപ്തി രേഖപ്പെടുത്തിയില്ല. മാത്രമല്ല, കേസിൽ 22-ാം തീയതി വരെ കനോജിയയെ റിമാൻഡിൽ വിട്ട മജിസ്ട്രേറ്റിന്‍റെ തീരുമാനം ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ ജാമ്യഹർജിയിൽ വാദം നടക്കേണ്ടത് കീഴ്‍കോടതിയിലാണെന്ന് എഎസ്‍ജി കോടതിയിൽ പറഞ്ഞു.

രൂക്ഷവിമർശനമാണ് ഇതിനെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. "നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‍കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല'', എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു. ഹേബിയസ് കോ‍ർപസ് ഹർജി കൊണ്ട് റിമാൻഡ് ഉത്തരവിനെ എതിർക്കുന്നതെങ്ങനെയെന്ന് എഎസ്‍ജി ചോദിച്ചു. ഈ കേസിൽ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാൻഡും എന്തിനെന്ന് ജസ്റ്റിസ് രസ്‍തോഗി തിരിച്ചു ചോദിച്ചു. ''കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?'', കോടതി ചോദിച്ചു. 

തുടർന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇത്തരം ഇടപെടലുണ്ടായാൽ അതിൽ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതിൽ കീഴ്‍വഴക്കത്തിന്‍റെ പ്രശ്നമില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി, മാധ്യമപ്രവർത്തകനെ ഉടനടി ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കഴിഞ്ഞ കുറച്ചു വർഷമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കാറുണ്ടായിരുന്നെന്നും ഒരു യുവതി പറയുന്ന വീഡിയോ ഷെയർ ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ ഗൊരഖ് പൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നാഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മകളും എഡിറ്റേഴ്‍സ് ഗിൽഡും ഉടനടി ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. 

 

Follow Us:
Download App:
  • android
  • ios