
ദില്ലി: മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി നടക്കുകയാണെന്നും സെൻട്രൽ വിസ്തയുടെ പുനർനവീകരണം മാത്രമാണ് മോദി കാണുന്നതെന്നും രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ''നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ. ജീവൻ രക്ഷിക്കാനുള്ള അവകാശങ്ങൾ വരെ എടുത്തുമാറ്റി. സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ.'' രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.
ഇന്നലെയാണ് ബീഹാറിലെ ബക്സറിൽ ഗംഗാതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞത്. ഉത്തർപ്രദേശിൽ നിന്നുള്ള കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണിതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോലെ തന്നെ ശനിയാഴ്ച ഹാമിർപൂരിൽ യമുന നദിയിൽ പാതികത്തിയ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. വെളിപ്പെടുത്താത്ത കൊവിഡ് മരണങ്ങളുടെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
സെൻട്രൽ വിസ്തയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങൾക്ക് എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നൽകുന്നതിന് പകരം ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തിന് ആവശ്യം ജീവശ്വാസമാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിനായി ക്യൂവിൽ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും രാജ്പാത്തിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam