
സൂറത്ത്: പാർലമെന്‍റ് അംഗത്വം നഷ്ടമാക്കിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിക്കൊണ്ട് സൂറത്ത് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളുടെ വിശദ വിവരങ്ങൾ പുറത്ത്. ജഡ്ജി ആർഎസ് മൊഗേരയാണ് രാഹുലിന്‍റെയടക്കം വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്. രാഹുലിന്‍റേത് അതിപ്രാധാന്യമുള്ള പ്രത്യേക സാഹചര്യമല്ലെന്നാണ് കോടതിയുടെ പ്രധാന നീരീക്ഷണങ്ങളിലൊന്ന്. എം പി സ്ഥാനം നഷ്ടമായത് അപരിഹാര്യമായ നഷ്ടമല്ല. പ്രത്യേക അധികാരം ഉപയോഗിച്ച് ഇത്തരം കേസുകളിൽ സ്റ്റേ നൽകിയാൽ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാകും എന്നും കോടതി നിരീക്ഷിച്ചു. വിചാരണ കോടതി വിശദമായ തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും കോടതി സെഷൻസ് കോടതി അഭിപ്രായപ്പെട്ടു.
കേസ് നിയമപരമല്ലെന്ന രാഹുലിന്‍റെ വാദം നിലനിൽക്കില്ല. മോദിയെന്ന പേരുള്ളവർക്കെല്ലാം മാനഹാനിയുണ്ടാക്കുന്നതായിരുന്നു പരാമർശം. പൊതുപ്രവർത്തകനായ പൂർണേഷ് മോദിക്ക് പരാതിനൽകുന്നതിന് തടസമില്ലെന്നും കോടതി നിരീക്ഷിച്ചു. കോലാറിലെ പ്രസംഗത്തിന് സൂറത്തിൽ കേസെടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ആദ്യഘട്ടത്തിൽ രാഹുൽ അത് എതിർത്തിരുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. പ്രതി സാധാരണക്കാരൻ അല്ലെന്നും പരമാവധി ശിക്ഷ നൽകിയതിൽ തെറ്റില്ലെന്നും സെഷൻസ് കോടതി ജഡ്ജി ആർഎസ് മൊഗേര വ്യക്തമാക്കി.
അയോഗ്യത മാറാതെ രാഹുൽ, വയനാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പോ? കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി എത്തുമോ?
അതേസമയം കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സി ജെ എം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്. ഇതടക്കമുള്ള വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് സെഷൻസ് കോടതി ഹർജി തള്ളിയത്. എന്തായാലും ഇനി പോരാട്ടം ഹൈക്കോടതിയിലേക്ക് കടക്കുമെന്നുറപ്പാണ്.