Latest Videos

ഹൈക്കോടതി ചൂണ്ടികാട്ടിയത് 9 കാര്യങ്ങൾ, സുപ്രീം കോടതിയിലെത്തുമ്പോൾ ആശങ്കയും പ്രതീക്ഷയും രാഹുലിന് എത്രത്തോളം

By Anver SajadFirst Published Jul 8, 2023, 1:30 AM IST
Highlights

രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ദില്ലി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ ഗുജറാത്ത് ഹൈക്കോടതിയും കൈവിട്ടതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലാണ്. മോദി പരാമർശത്തിന്റെ പേരിൽ എടുത്ത കേസിലെ കുറ്റക്കാരനെന്ന വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തുമ്പോൾ രാഹുലിനും കോൺഗ്രസ് ക്യാംപിനും പ്രതീക്ഷയും ആശങ്കയും ഒരുപോലെ ഉണ്ടാകാനാണ് സാധ്യത.

ആശങ്ക എത്രത്തോളം

രാഹുൽ സ്ഥിരം കുറ്റവാളിയാണ് നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് നിർണായക വിധി പ്രസ്താവം നടത്തിയത്. ഹൈക്കോടതി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട 9 നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയെലത്തുമ്പോഴും രാഹുലിന് ആശങ്കയായി നിലനിൽക്കുക.

ഹൈക്കോടതിയുടെ 9 നിരീക്ഷണങ്ങൾ

1 രാഹുൽ സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നു

2 രാഹുലിനെതിരെ ഉള്ളത് പത്തോളം ക്രിമിനൽ കേസുകൾ

3 ഈ കേസിലെ വിധിക്ക് ശേഷവും കുറ്റം ആവർത്തിച്ചു

4 പാർലമെന്റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുൽ ഗുരുതര കുറ്റം ചെയ്തു

5 ഇത് വ്യക്തിപരമായ മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസ്

6 ജനപ്രതിനിധിക്ക് കളങ്കിത ചരിത്രം ഉണ്ടാകരുത്

7 വീരസവർക്കറിനെതിരായ പരാമർശത്തിൽ കൊച്ചുമകൻ നൽകിയ പരാതിയും എടുത്ത് പറഞ്ഞ് കോടതി

8 കീഴ്ക്കോടതി വിധി ഉചിതമെന്ന് വിലയിരുത്തൽ

9 രാഷ്ട്രീയ പ്രവർത്തകർക്ക് സംശുദ്ധി വേണമെന്ന് ഓർമ്മപ്പെടുത്തൽ

ഗുജറാത്തിലെ വിധി, ഓർമ്മ വന്നത് യേശുദേവന്‍റെ വാചകമെന്ന് ചെന്നിത്തല; 'നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ട'

രാഹുലിന് പ്രതീക്ഷ എത്രത്തോളം

സ്റ്റേ ആവശ്യം തള്ളിയ മൂന്ന് കോടതി വിധികളിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. മോദി സമുദായത്തിന് എങ്ങനെ മാനനഷ്മമുണ്ടായി. മാനനഷ്ടക്കേസിലെ പരാമവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിന്‍റെ പ്രസ്താവനയിലുള്ളത്. ഹൈക്കോടതി വിധിയില്‍ പറയും പോലെ ജനങ്ങളെ അപമാനിച്ച് ട്രാക്ക് റെക്കോര്‍ഡുള്ളയാളല്ല രാഹുല്‍. സവര്‍ക്കര്‍ പരാമര്‍ശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ് എന്നടതടക്കമുള്ള വാദമുഖങ്ങളാകും കോണ്‍ഗ്രസ് നിരത്തുക. ക്രിമിനൽ കേസുകളിലെ വിധി സ്റ്റേ ചെയ്തുള്ള നിരവധി ഉത്തരവുകൾ സുപ്രീം കോടതി നേരത്തെ നൽകിയിരുന്നു. ഇതും കോൺഗ്രസിന് വലിയ പ്രതീക്ഷയാണ്.

പ്രതീക്ഷയുടെ വഴി അടഞ്ഞാൽ പിന്നെന്ത്? പ്രിയങ്കയോ?

സുപ്രീംകോടതിയിൽ സ്റ്റേ പ്രതീക്ഷ വയ്ക്കുമ്പോഴും ആ വഴിയും അടഞ്ഞാൽ പിന്നെ എന്ത് എന്ന ചോദ്യവും പാർട്ടിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി സ്റ്റേ നല്കിയില്ലെങ്കിൽ രാഹുൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വാദം തുടങ്ങി പൂർത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും. രണ്ടായിരത്തി ഇരുപത്തി നാലിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പൂർത്തിയാകാനുള്ള സാധ്യതയില്ല. പ്രതിപക്ഷ ഐക്യ നീക്കങ്ങൾ സജീവമായിരിക്കെ രാഹുൽ ഗാന്ധി നേതൃസ്ഥാനം മറ്റൊരാൾക്ക് നൽകേണ്ടി വരും. പ്രിയങ്ക ഗാന്ധിയെ മുന്നോട്ടു കൊണ്ടു വരാൻ ഇത് കോൺഗ്രസിനെ പ്രേരിപ്പിക്കും. പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാർലമെൻറ് സമ്മേളനമാണ് ഈ മാസം തുടങ്ങാൻ പോകുന്നത്. ഈ സമ്മേളനത്തിലും സർക്കാരിനെ എതിർക്കാൻ രാഹുൽ ഗാന്ധി ഇല്ലാത്തത് കോൺഗ്രസിന് നിരാശയും ബിജെപിക്ക് ആശ്വാസവും ആകും.

രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഈ മാസം 12 ന് രാജ്യവ്യാപകമായി മൗനസത്യഗ്രഹം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനം. അന്നേ ദിവസം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ സംസ്ഥാനതലത്തിൽ മൗനസത്യഗ്രഹം നടത്തണമെന്നാണ് പി സി സികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!