Asianet News MalayalamAsianet News Malayalam

ഗുജറാത്തിലെ വിധി, ഓർമ്മ വന്നത് യേശുദേവന്‍റെ വാചകമെന്ന് ചെന്നിത്തല; 'നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ട'

കോടതി പറഞ്ഞത് 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ്. ആരാണീ കേസുകൾ കൊടുക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു

Ramesh Chennithala response Rahul Gandhi defamation case stay plea Gujarat HC rejects asd
Author
First Published Jul 7, 2023, 5:48 PM IST

തിരുവനന്തപുരം: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണ് അതെന്നും വിവരിച്ചു. രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോടതി പറഞ്ഞത് 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി ക്കാർ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ കൊടുത്ത് അദ്ദേഹത്തെ അപമാനിക്കുകയല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

ജനങ്ങളുടെ കോടതിയിൽ പ്രതീക്ഷയുണ്ട്,ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല

നരേന്ദ്ര മോദിയെയും ഗവൺമെന്റിനെയും രാഷ്ട്രീയമായി എതിർത്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. നരേന്ദ്ര മോദിയുടെ അഴിമതി ചോദ്യം ചെയ്തു എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കത്തിന്റെ കാരണം. അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധത്തെ രാഹുൽ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹം കേസിൽ അയോഗ്യനാക്കപ്പെട്ടത് ഏതായാലും അഴിമതിക്കും വർഗ്ഗീയതക്കും എതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം തുടരും, ഇക്കാര്യത്തിൽ  സുപ്രീം കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. എം പി സ്ഥാനത്തെ അയോഗ്യത തുടരുമെന്നതാണ് അപ്പീൽ തള്ളിയതോടെ രാഹുൽ നേരിടുന്ന വെല്ലുവിളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios