
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ ഹർജി നൽകി രാഹുൽ ഗാന്ധി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്. അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കിസുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തുടരുകയാണ്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ആദ്യം നടന്നു നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്യുന്നത്. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കൾക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്.
സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം നിയമപ്രകാരം സുപ്രീം കോടതിയെ സമീപിച്ചാൽ ഏത് പരാതിയും പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പ്രതിപക്ഷ നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ചിട്ടുണ്ട്. കോടതി പരിഗണിക്കുന്ന വിഷയത്തിൽ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം വാങ്ങുന്നത് ഉചിതമാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. പ്രതിപക്ഷം ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ താൻ കൂടി ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അതിനാൽ നേതാക്കളെ പ്രത്യേകം കാണുന്നത് ഉചിതമാകില്ല. ഭരണപരമായി തീരുമാനിക്കേണ്ട ചില വിഷയങ്ങൾ തന്നോട് പറയുന്നത് കൊണ്ട് പ്രയോജനമുണ്ടാകില്ല. ഭരണഘടനയുടെ 32 -ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നിരിക്കെ പ്രതിപക്ഷം ഹർജി നൽകിയാൽ അത് എത്രയും വേഗം തന്നെ ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam