കോൺഗ്രസ് തെരഞ്ഞെടുപ്പ് വെറുമൊരു നടപടി ക്രമം മാത്രമാണെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ബതി കുമാരി സ്വതന്ത്രയായും കോൺഗ്രസ് സ്ഥാനാർത്ഥിയായുമുള്ള പത്രിക പിൻവലിച്ചത്.

ആൽവാർ: മുഖം മറച്ച് വ്യത്യസ്ത വേഷമണിഞ്ഞ് എത്തി ഒരേ പോസ്റ്റിലേക്ക് നൽകിയത് മൂന്ന് നാമനിർദ്ദേശക പത്രിക. നിർണായക സമയത്ത് മറ്റ് പത്രികകൾ പിൻവലിച്ചതോടെ ബിജെപി സ്ഥാനാർത്ഥിയായി പഞ്ചായത്ത് പ്രസിഡന്റായി. തങ്ങളുടെ സ്ഥാനാർത്ഥി വേഷം മാറിയെത്തി ബിജെപി സ്ഥാനാർത്ഥിയായതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിൽ കോൺഗ്രസ്. രാജസ്ഥാനിലെ ദീഗ് ജില്ലയിലെ ബ്രിജ് നഗർ പഞ്ചായത്ത് സമിതിയിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ബതി കുമാരി എന്ന 28കാരിയാണ് ബിജെപി, കോൺഗ്രസ്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് വെറുമൊരു നടപടി ക്രമം മാത്രമാണെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ബതി കുമാരി സ്വതന്ത്രയായും കോൺഗ്രസ് സ്ഥാനാർത്ഥിയായുമുള്ള പത്രിക പിൻവലിച്ചത്. ഇതോടെയാണ് ബതി കുമാരി താമര ചിഹ്നത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎയ്ക്കൊപ്പം എത്തിയാണ് ബതി കുമാരി ആദ്യം പത്രിക നൽകിയത്. പിന്നാലെ ബിജെപി മന്ത്രിക്കൊപ്പം എത്തി ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകി. ഈ രണ്ട് പത്രിക സമർപ്പണത്തിനിടയി ബതി കുമാരി സാരി മാറി സൽവാർ കമ്മീസിൽ എത്തിയെന്നത് മാത്രമായിരുന്നു. രണ്ട് തവണയും മുഖം മറച്ചായിരുന്നു പത്രിക സമർപ്പണം. ഇതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. ബ്രിജ് നഗർ പഞ്ചായത്ത് സമിതിയിലേക്ക് 14ാം വാർഡിൽ നിന്നാണ് ബതി കുമാരി സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചത്. ബിജെപി വെറും നാല് സീറ്റ് നേടിയ ബ്രിജ് നഗർ പഞ്ചായത്ത് സമിതിയിൽ 16 സീറ്റാണ് കോൺഗ്രസ് ഉറപ്പിച്ചിരുന്നത്. 9 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ഇവിടെ ജയിച്ചത്. 29 അംഗ പഞ്ചായത്ത് സമിതിയിലേക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായ ബതി കുമാരിയെയാണ് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബതി കുമാരിയെ സ്ഥാനാർത്ഥിയാക്കാൻ മുൻകൈ എടുത്ത മുൻ കോൺഗ്രസ് എംഎൽഎ വാജിബ് അലി പിസിസി അംഗത്വം രാജി വച്ചു.

പണവും സ്വാധീനവും ഉപയോഗിച്ച് ബിജെപി സ്ഥാനാർത്ഥിയെ തട്ടിയെടുത്തെന്നാണ് വാജിബ് അലി ആരോപിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ അദ്ദേഹം, സംഘടനാ പദവികളില്ലാതെ ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നും വ്യക്തമാക്കി.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നടപടികൾ ചട്ടങ്ങൾ പാലിച്ചാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥിക്ക് നാല് നാമനിർദ്ദേശ പത്രികകൾ വരെ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി രാജേഷ് വർമ്മയും, വരണാധികാരി നടപടിക്രമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് ദീഗ് കളക്ടർ മായങ്ക് മനീഷും അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം