
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട അദ്ദേഹം, പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്താവ് അജിത് ഡോവലിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, നരേന്ദ്ര മോദി എന്തിനാണ് ഡൽഹി നഗരം ബാരിക്കേഡുകൾ വെച്ച് തടയുന്നതെന്ന് രാഹുൽ ചോദിച്ചു. ഡൽഹിയിൽ പൊലീസിനെ വിന്യസിച്ച് റോഡുകൾ അടച്ചുപൂട്ടുന്നത് മിഥ്യാധാരണ മാത്രമാണെന്നും, ജനങ്ങളുടെ മനസ്സിനെ ബാരിക്കേഡുകൾ വെച്ച് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്‍റെ ആശങ്കകൾ രാഷ്ട്രപതിയുടെ ഓഫീസോ രാഷ്ട്രപതി തള്ളിക്കളഞ്ഞിട്ടില്ലെന്നും, എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് തിട്ടൂരം വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അംബാനി, അദാനി, മോദി, ഡോവൽ എന്നിവർക്ക് അനുകൂലമായ ഇന്ത്യ രാജ്യത്തെ ജനങ്ങൾക്കും അവരുടെ കുട്ടികൾക്കും അപകടകരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തമാണ്. സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ച് ദില്ലിയിൽ തുടരുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam