അമേഠിയിൽ തോറ്റതിന് കാരണം എസ്‌പി-ബിഎസ്‌പി വോട്ടെന്ന് കോൺഗ്രസ്

By Web TeamFirst Published Jun 1, 2019, 2:14 PM IST
Highlights

ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയോട് 55000 വോട്ടിനാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി തോറ്റത്

അമേഠി: ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ തോറ്റതിന്റെ കാരണം കോൺഗ്രസിന്റെ രണ്ടംഗ അന്വേഷണ കമ്മിഷൻ കണ്ടെത്തി. എസ്‌പി-ബിഎസ്‌പി സഖ്യം ബിജെപിക്ക് എതിരായിരുന്നെങ്കിലും അമേഠിയിൽ അവരുടെ വോട്ടുകൾ ബിജെപിക്കാണ് വീണതെന്നാണ് കണ്ടെത്തൽ. എസ്‌പി, ബിഎസ്‌പി പാർട്ടികളുടെ പ്രാദേശിക നേതാക്കൾ രാഹുൽ ഗാന്ധിക്ക് വേണ്ടി രംഗത്തിറങ്ങുകയോ, രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് തങ്ങളുടെ ആളുകളോട് പറയുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ.

എഐസിസി സെക്രട്ടറിമാരായ സുബൈർ ഖാൻ, കെഎൽ ശർമ്മ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇരുവരും റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധികളായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4.08 ലക്ഷം വോട്ടാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. ഇക്കുറി അത് 4.13 ലക്ഷമായി ഉയർന്നിരുന്നു. 2014 ൽ ബിഎസ്‌പി സ്ഥാനാർത്ഥിക്ക് ഇവിടെ 57000 വോട്ട് ലഭിച്ചിരുന്നു. എസ്‌പി, ബിഎസ്‌പി പാർട്ടികളുടെ ഈ വോട്ട് പൂർണ്ണമായി രാഹുൽ ഗാന്ധിക്ക് വീണിരുന്നെങ്കിൽ ജയിച്ചേനെയെന്നാണ് വിലയിരുത്തൽ. അതുണ്ടായില്ലെന്നും സ്മൃതി ഇറാനി 55000 വോട്ടിന് ജയിച്ചെന്നുമാണ് കണ്ടെത്തൽ.

അഖിലേഷ് യാദവ് സർക്കാരിൽ മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മകൻ അനിൽ പ്രജാപതി ഇത്തവണ സ്മൃതി ഇറാനിക്ക് വേണ്ടി നേരിട്ട് പ്രചാരണത്തിനിറങ്ങി. ഗൗരിഗഞ്ചിലെ സമാജ്‌വാദി പാർട്ടി എംഎൽഎ രാകേഷ് സിങ് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമുള്ള തന്റെ പാർട്ടി പ്രതിനിധികളുടെ നിലനിൽപ്പിന് വേണ്ടി സ്മൃതി ഇറാനിയെ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അമേഠി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യോഗേന്ദ്ര ശർമ്മയും ഈ വാദം ശരിവച്ചു. അമേഠി മണ്ഡലത്തിലെ നാല് അസംബ്ലി മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി പിന്നിലായിരുന്നു. ഗൗരിഗഞ്ച് അസംബ്ലി മണ്ഡലത്തിൽ മാത്രം 18000 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധി വഴങ്ങിയത്. രണ്ടംഗ സമിതി അടുത്ത രണ്ട് ദിവസങ്ങൾ കൂടി പ്രദേശത്തെ അസംബ്ലി മണ്ഡലങ്ങളിൽ ജനങ്ങളെ നേരിട്ട് കാണും. പിന്നീട് റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഹൈക്കമാന്റിന് സമർപ്പിക്കും.

 

click me!