
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ധർണ തുടരാൻ കോൺഗ്രസ് നേതൃത്വം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ ഗാന്ധി രാത്രിയിലും പ്രതിഷേധം തുടരുമെന്നാണ് സൂചനകൾ.
രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പൊതുജനങ്ങളോടും പിന്തുണ അഭ്യർത്ഥിച്ചു. "വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണം ഓരോ ഭാരതീയ കുടുംബത്തിനും നേരെയുള്ള ആക്രമണമാണ്. മറുപടികളോ പ്രത്യാഘാതങ്ങളോ ഇല്ലാതെ രക്ഷപ്പെടാമെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടെങ്കിൽ അതിവിടെ നടപ്പിലാകില്ല. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാജ്യസ്നേഹികളും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ധർണയിൽ പങ്കുചേരുക." - രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 10, രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിൽ നിന്ന് ആരംഭിച്ച മാർച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തടഞ്ഞു. തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും വിഷയത്തിൽ പാർലമെന്‍റിൽ അടിയന്തര ചർച്ച വേണമെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. ഇതിൽ കുറഞ്ഞ ഒന്നിലും സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് കോൺഗ്രസ് സമരം കടുപ്പിച്ചത്. എന്നാൽ, പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചു. 118 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിലാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാൽ സമരം സമാധാനപരമാണെന്നും സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിനാലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയതെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. ഇതിനിടെ, സിജെപിയുടെ സമരത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി തന്നെ മുൻകൈയെടുത്ത് നടത്തുന്ന നാടകമാണ് കോൺഗ്രസിന്‍റെ പ്രതിഷേധമെന്ന് ആരോപിച്ചുകൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തിയത് പ്രതിപക്ഷ ഐക്യത്തിലെ ഭിന്നതയും പുറത്തുകൊണ്ട് വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam