ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായാണ് പള്ളിയുടെ കെട്ടിടം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്റങ്ദൾ മുൻ കോർഡിനേറ്ററായ വികാസ് ത്യാ​ഗിയാണ് പരാതി നൽകിയിരുന്നത്. ഇതിലെ മറ്റു മുറികൾ പള്ളിക്കമ്മിറ്റി വാടകയ്ക്ക് നൽകിയിരുന്നതായും പരാതിയിലുണ്ടായിരുന്നു. മജിസ്ട്രേറ്റ് പരാതിയിൽ വാദം കേട്ടു.

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറാൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുനീക്കി. അനധികൃത നിർമാണെന്ന കണ്ടെത്തലിന് പിന്നാലെ മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. തുടർന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് അധികൃതർ പള്ളിയുടെ കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. അതിനിടെ, വിവരമറിഞ്ഞ് സ്ഥലത്തേക്ക് തിരിക്കാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി എംപി ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും പരാതിയുണ്ട്.

ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായാണ് പള്ളിയുടെ കെട്ടിടം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്റങ്ദൾ മുൻ കോർഡിനേറ്ററായ വികാസ് ത്യാ​ഗിയാണ് പരാതി നൽകിയിരുന്നത്. അനധികൃതമായി കെട്ടിടം നിർമിച്ച് ഇതിലെ മറ്റു മുറികൾ പള്ളിക്കമ്മിറ്റി വാടകയ്ക്ക് നൽകിയിരുന്നതായും പരാതിയിലുണ്ടായിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് കുൽദീപ് സിങ് പരാതിയിൽ വാദം കേട്ടു. ഇതിനുപിന്നാലെയാണ് പള്ളി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. സർക്കാർ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാൽ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. സർക്കാർ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി.

അതേസമയം, പള്ളി പൊളിക്കുന്ന നടപടികൾക്കിടെ കൈരാനയിലെ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും പരാതി ഉയർന്നു. പള്ളി പൊളിക്കാനുള്ള നീക്കമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് വൻ പൊലീസ് സംഘം കൈരാനയിലെ വീട്ടിൽ എത്തിയതെന്ന് എംപി ആരോപിച്ചു. വിഷയത്തിൽ അധികൃതരെ കണ്ട് സംസാരിക്കാനും ജനങ്ങളുടെ ആശങ്കകൾ അവരെ അറിയിക്കാനുമാണ് താൻ അവിടേക്ക് പോകാൻ ഒരുങ്ങിയത്. എന്നാൽ, വൻ പൊലീസ് സംഘത്തെയാണ് തന്റെ വീട്ടിൽ വിന്യസിച്ചത്. പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കി. എന്നാൽ, തന്നെ തടഞ്ഞതുകൊണ്ട് മാത്രം ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും ഇഖ്റ ഹസ്സൻ പ്രതികരിച്ചു.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വിഷയത്തിൽ യുപിയിലെ യോ​ഗി സർക്കാരിനെതിരേ രം​ഗത്തെത്തി. ഇഖ്റ ഹസ്സനെ വീട്ടുതടങ്കലിലാക്കിയ പൊലീസ് നടപടിയെ അദ്ദേഹം ചോദ്യംചെയ്തു. മതസൗഹാർദം നിലനിർത്തുകയെന്നതാണ് സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും അഖിലേഷ് യാദവ് പറഞ്ഞു.